SignIn
Kerala Kaumudi Online
Sunday, 31 May 2026 12.50 AM IST

ഭൂമി തരംമാറ്റം; തീർപ്പാക്കാനുള്ളത് 29,337 അപേക്ഷകൾ

ffff

മലപ്പുറം: ‌ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റുന്നതിനായി ജില്ലയിൽ തീർപ്പാക്കാനുള്ളത് 29,337 അപേക്ഷകൾ. നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി 2018ൽ നിലവിൽ വന്നതിന് ശേഷം 72,883 അപേക്ഷകൾ ലഭിച്ചപ്പോൾ ഇതുവരെ 43,546 അപേക്ഷകളാണ് തീർപ്പാക്കിയത്. 2022 മുതലുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. റവന്യൂ വകുപ്പിന്റെ കണക്ക് പ്രകാരം ഇതുവരെ 174.38 ഹെക്ടർ ഭൂമിയാണ് ജില്ലയിൽ തരംമാറ്റിയിട്ടുള്ളത്. അപേക്ഷകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് മുന്നിലാണെങ്കിലും തരംമാറ്റപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ജില്ല പിന്നിലാണ്. 42,508 അപേക്ഷകൾ തീർപ്പാക്കിയ തൃശൂരിൽ 2,150 ഹെക്ടർ ഭൂമി തരംമാറ്റപ്പെട്ടിട്ടുണ്ട്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ ഉടമസ്ഥന് താമസിക്കുന്നതിനായി വീട് വയ്ക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിൽ 10 സെന്റ് വരെയും മുനിസിപ്പാലിറ്റികളിൽ അഞ്ച് സെന്റ് വരെയും നെൽവയൽ നികത്താനാവും.വീട് നിർമ്മാണത്തിനുള്ള ഭൂമിയുടെ തരംമാറ്റൽ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈഫ് മിഷനിൽ ഉൾപ്പെട്ട വീടുകൾ നിർമ്മിക്കുന്നതിന് അടക്കം ഭൂമിതരം മാറ്റത്തിന് അപേക്ഷിച്ചവർ നടപടികൾ നീളുന്നത് മൂലം പ്രയാസത്തിലാണ്.

അപേക്ഷകളുടെ എണ്ണം കൂടിയതും റവന്യൂ,​ കൃഷി വകുപ്പുകളിലെ ജീവനക്കാരുടെ കുറവും നടപടിക്രമങ്ങളിലെ സങ്കീർണ്ണതകളുമാണ് അപേക്ഷകൾ തീർപ്പാക്കുന്നത് വൈകാൻ കാരണമെന്നാണ് അധികൃതരുടെ വാദം. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിജിലൻസിന്റെ കണ്ടെത്തൽ, അപേക്ഷകളിലെ തുടർനടപടികളിൽ സൂക്ഷ്മത പുലർത്താൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നുണ്ട്. നിയമത്തിന്റെ മറപിടിച്ച് വാണിജ്യ ആവശ്യങ്ങൾക്കായി വലിയ തോതിൽ വയലുകൾ മണ്ണിട്ട് നികത്തുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.

താലൂക്ക് .......................... നികത്തിയ ഭുമി (ഹെക്ടർ)
ഏറനാട് .............................................. 5.764
നിലമ്പൂർ ............................................ 6.2800
പെരിന്തൽമണ്ണ.................................. 13.8915
തിരൂർ.................................................. 123.541
പൊന്നാനി .......................................... 11.2853
തിരൂരങ്ങാടി ......................................... 6.2341
കൊണ്ടോട്ടി ........................................... 7.3924

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL