തിരൂരങ്ങാടി : തിരൂരങ്ങാടി - ചെമ്മാട് പ്രധാനപാതയിൽ കുടിവെള്ള പദ്ധതികൾക്കായും കെ.എസ്.ഇ.ബി പ്രവൃത്തികൾക്കായും വെട്ടിപ്പൊളിച്ചിട്ട റോഡുകൾ വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് . മുന്നറിയിപ്പ് ബോർഡുകളോ രാത്രി കാലങ്ങളിൽ തിരിച്ചറിയാനുള്ള റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല.
കരാറുകാർ കാണിക്കുന്ന ഈ അനാസ്ഥ പാതയിൽ നിത്യേന അപകടങ്ങൾക്കും കടുത്ത ഗതാഗതക്കുരുക്കിനും കാരണമാകുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കരാറുകാരന്റെ നിയമലംഘനങ്ങൾക്ക് തണലാകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചൊവ്വാഴ്ച രാത്രി ചെമ്മാട് സ്വദേശി ബൈക്കിൽ പോകവേ തിരൂരങ്ങാടി ചന്തപ്പടിയിൽ റോഡിലെ കുണ്ടിൽ വീഴുകയും ഗുരുതരമായ പരിക്ക് കാരണം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. ഇതോടെ വിഷയത്തിൽ ജനരോഷം ശക്തമായിരിക്കുകയാണ്.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഇരുചക്ര വാഹനയാത്രക്കാർക്ക് വെല്ലുവിളിയാവുകയാണ്.
പരപ്പനങ്ങാടി പാലത്തിങ്ങൽ പള്ളിപ്പടി മുതൽ കരിപറമ്പ് വരെ പൈപ്പ് ലൈനിനായും ചെമ്മാട് കോഴിക്കോട് റോഡിൽ കെ.എസ്.ഇ.ബി പ്രവൃത്തിക്കായും പൊളിച്ച സ്ഥലം മണ്ണിട്ട് നികത്തിയെങ്കിലും ഇവിടം കുണ്ടും കുഴിയുമായിട്ടുണ്ട്.
മുമ്പ് കുടിവെള്ള പദ്ധതിക്കായി പൊളിച്ച കരിപറമ്പ് മുതൽ തിരൂരങ്ങാടി വരെയുള്ള ഭാഗത്ത് മണ്ണിട്ടതും താറുമാറായി. ഇതു കാരണം, മാഞ്ഞ സീബ്രാലൈനുകളും മാറ്റിവരയ്ക്കാനായിട്ടില്ല.
പ്രവൃത്തികളിൽ അലംഭാവം പുലർത്തിയ കരാറുകാരനെതിരെയും കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥർക്കെതിരേയും നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |