കാളികാവ്: സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ
(കാസ്പ്) വൻ കുടിശ്ശിക വന്നതോടെ സ്വകാര്യ ആശുപത്രികൾ മിക്കതും പദ്ധതിയിൽ നിന്ന് പിന്മാറി. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെ സൗജന്യ ഇൻഷ്വറൻസ് ലഭ്യമാക്കുന്ന പദ്ധതിയുടെ തളർച്ച സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചു.
സർക്കാർ നിശ്ചയിച്ച പാക്കേജ് ചികിത്സാ നിരക്കുകൾ നിലവിലെ സ്വകാര്യ ആശുപത്രി ചെലവുകളുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ കുറവാണെന്ന് ആശുപത്രി മാനേജ്‌മെന്റുകൾ പരാതിപ്പെടുന്നുണ്ട്. സർക്കാരിൽ നിന്നും ഇൻഷ്വറൻസ് കമ്പനികളിൽ നിന്നും തുക ലഭിക്കാൻ വൈകുന്നതിനാൽ പല വൻകിട സ്വകാര്യ ആശുപത്രികളും കാസ്പ് വഴി രോഗികളെ പ്രവേശിപ്പിക്കാൻ മടിക്കുകയാണ്. 2024 ഏപ്രിൽ മുതൽ ജില്ലയിലെ സ്വകാര്യ ആശുപതികളിൽ പലരും ഭാഗികമായോ പൂർണ്ണമായോ പദ്ധതിയിൽ നിന്ന് പിൻമാറി. ചില ആശുപത്രികൾ രോഗികൾക്ക് സഹായമെന്ന നിലയിൽ മേജർ സർജറികൾ മാത്രം കാസ്പിലുൾപ്പെടുത്തി ചെയ്ത് കൊടുക്കുന്നുണ്ട്.
2019ൽ തുടങ്ങിയ പദ്ധതി അൽപ്പം കുടിശ്ശികശുണ്ടായിരുന്നെങ്കിലും നല്ല നിലയിൽ പ്രവർത്തിച്ചത് രണ്ടു വർഷമാണ്. രോഗികളുടെ എണ്ണവും ബെഡുകളുടെ കുറവും അന്നുതന്നെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു .
നട്ടെല്ലൊടിച്ച് കുടിശ്ശിക
ജില്ലയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 70 എണ്ണത്തിലാണ് പദ്ധതിയുണ്ടായിരുന്നത്. ഇവർക്കു തന്നെ 110 കോടി രൂപ കുടിശ്ശികയുണ്ട്.
സംസ്ഥാനത്ത് മൊത്തമായി 1400 കോടിയിലധികം കുടിശ്ശികയുണ്ട്.
ആശുപത്രികളുടെ ദൈനംദിന ചെലവുകൾ, മരുന്ന്, ശമ്പളം, മറ്റു അനുബന്ധ ചെലവുകൾ എന്നിവ കഴിഞ്ഞ പത്തുവർഷത്തിനിടെ 30 ശതമാനത്തിലധികം കൂടിയിട്ടും പഴയ പാക്കേജ് തുടരുന്നതിനൊപ്പം കുടിശ്ശിക കുന്നുകൂടുകയുമാണ്. ഇതാണ് സ്വകാര്യ ആശുപത്രികൾ പിൻമാറാൻ കാരണം.
മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ ആശുപത്രികളിലും ഈ ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നുണ്ട്.
പദ്ധതിയുടെ തുടക്കത്തിൽ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ പദ്ധതി ഏറ്റെടുത്തെങ്കിലും ക്ലെയിം നിഷേധിക്കൽ നടക്കുന്നതായി ഉയർന്ന വ്യാപക പരാതിയിയെ തുടർന്ന് സർക്കാർ പദ്ധതി ഏറ്റെടുത്തു .അന്ന് തൊട്ടുതന്നെ പദ്ധതിയുടെ ശനിദശയുംതുടങ്ങി.
ബഡ്ജറ്റ് വിഹിതത്തിൽ മതിയായ തുക വകയിരുത്താതിരിക്കുകയും വകയിരുത്തിയ തുക ആരോഗ്യ വകുപ്പിന് കൈമാറാതിരിക്കുകയും ചെയ്യുന്നതാണ് നിലവിലെ അവസ്ഥ.
സ്വകാര്യ ഹോസ്പിറ്റൽ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |