SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

രണ്ട് വർഷത്തെ നിയമ പോരാട്ടം: പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെവിട്ടു

court-order

പാലക്കാട്: പോക്‌സോ കേസിൽ പ്രതിയാക്കപ്പെട്ട യുവാവിനെ രണ്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നിരപരാധിയെന്ന് കണ്ടെത്തി പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി വെറുതെ വിട്ടു. 2024 മേയിൽ അട്ടപ്പാടി ആനക്കൽ ഊരിൽ 10 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്നാണ് പുതുപ്പരിയാരം സ്വദേശി തവക്കൽ വീട്ടിൽ ബദറുദ്ദീനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്ത് ബദറുദ്ദീനെ പ്രതിയാക്കിയിരുന്നു. കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ 28 സാക്ഷികളെ വിസ്തരിച്ചു. എന്നാൽ ആരോപണവിധേയമായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
പ്രതിഭാഗം പ്രതിയുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി വിവിധ തെളിവുകൾ കോടതിയിൽ ഹാജരാക്കി. സംഭവമെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് പ്രതിയുടെ മൊബൈൽ ഫോൺ നമ്പറിന്റെ ടവർ ലൊക്കേഷൻ സംഭവസ്ഥലത്തോ സമീപപ്രദേശങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട ടെലികോം കമ്പനിയുടെ നോഡൽ ഓഫീസറെയും പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചു. ഈ തെളിവുകൾ കേസിന്റെ നിർണായക ഘടകങ്ങളിലൊന്നായി മാറിയതായി നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളും രേഖകളും പ്രതിഭാഗം സമർപ്പിച്ച തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് ബദറുദ്ദീനെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോടതി കണ്ടെത്തിയത്. തുടർന്ന് പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിടാൻ കോടതി ഉത്തരവിടുകയായിരുന്നു. കേസിൽ ബദറുദ്ദീനുവേണ്ടി അഡ്വ.എം.മുഹമ്മദ് റാഷിദ് കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COURTORDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL