SignIn
Kerala Kaumudi Online
Thursday, 06 August 2026 3.11 AM IST

കാലിത്തീറ്റ വില വർദ്ധിക്കുന്നു; ക്ഷീര കർഷകർ ദുരിതത്തിൽ

pashu
.

പാലക്കാട്: മിൽമ പാൽവില ലിറ്ററിന് നാലുരൂപ കൂട്ടിയതിലൂടെ കർഷകർക്ക്‌ ലഭിച്ച ആശ്വാസം കവർന്നെടുത്ത് വൻ കാലിത്തീറ്റ കമ്പനികൾ. കാലിത്തീറ്റ വില ക്രമാതീതമായി ഉയരുന്നത് ജില്ലയിലെ ക്ഷീരമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ക്ഷീരകർഷകർ കൂടുതലായി ഉപയോഗിക്കുന്ന കെ.എസ് കാലിത്തീറ്റയുടെ 50 കിലോ ബാഗിന് കഴിഞ്ഞ വർഷം 1500 രൂപയായിരുന്നു വില. എന്നാൽ ഈ വർഷം ഏപ്രിലിൽ അത് 1515 രൂപയായി ഉയർന്നു. ജൂലായ് മാസത്തോടെ വില 1615 ലെത്തി. ഇപ്പോൾ 1657 രൂപ നൽകണം. ഇതോടൊപ്പം സൈലേജ് വില ആറു രൂപയിൽ നിന്ന് ഒൻപത് രൂപയായും ചോളപ്പുല്ല് നാല് രൂപയിൽ നിന്ന് ആറു രൂപയായും കൂടി. പിണ്ണാക്കിന് കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലാണ് വില. 20 ലിറ്റർ പാൽ ലഭിക്കുന്ന ഒരു പശുവിന് ദിവസേന 10 മുതൽ 12 കിലോവരെ കാലിത്തീറ്റ വേണം. പച്ചപ്പുല്ല്, വൈക്കോൽ, പണിക്കൂലി എന്നിവ ഉൾപ്പെടെ ഒരു പശുവിനെ പരിപാലിക്കാൻ പ്രതിമാസം 15,000 രൂപയോളം ചെലവ് വരും. 10 പശുക്കളുള്ള ഫാമിൽ ചെലവ് ഒന്നര ലക്ഷത്തോളമാണ്. കർഷകർക്ക്‌ ലിറ്ററിന് 56 രൂപ ലഭിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഉയർന്ന കൊഴുപ്പും എസ്.എൻ.എഫും മാനദണ്ഡമാക്കിയതിനാൽ ഭൂരിഭാഗം കർഷകർക്കും 40 മുതൽ 45 രൂപവരെ മാത്രമാണ് ലഭിക്കുന്നത്. ജേഴ്‌സി, ഹൈബ്രിഡ് പശുക്കളിൽ ഉയർന്ന കൊഴുപ്പ് ലഭിക്കുക പ്രായോഗികമല്ലാത്തതിനാൽ നൂറിൽ മൂന്നോ നാലോ പേർക്കുമാത്രമേ ഉയർന്ന വില കിട്ടുന്നുള്ളൂ. എൽ.ഡി.എഫ്‌ സർക്കാർ ക്ഷീരമേഖലയിൽ കാണിച്ച ശ്രദ്ധ യു.ഡി.എഫ്‌ സർക്കാർ വന്നതോടെ നിലച്ചതായി കർഷകർ പറയുന്നു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെയും ഡോക്ടർമാരുടെയും സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കിയിരുന്നതും ഇപ്പോഴില്ല. പാൽവില എല്ലാ കർഷകർക്കും ഒരുപോലെ ലഭ്യമാക്കുക, ഫാമുകൾക്ക്‌ പ്രത്യേക പാക്കേജ് അനുവദിക്കുക, കാലിത്തീറ്റയ്ക്ക് വിപണി വിലനിയന്ത്രണവും സബ്സിഡിയും ഏർപ്പെടുത്തുക. എസ്.എൻ.എഫ് വില നിർണയ മാനദണ്ഡങ്ങളിൽ കാലാനുസൃതമായ ഇളവുകൾ അനുവദിക്കുക. ഗുണനിലവാരമുള്ള കാലിത്തീറ്റയും വാക്സിനേഷനുകളും ഉറപ്പുവരുത്തുക എന്നിവ സർക്കാർ തലത്തിൽ നടപ്പാക്കിയാൽ മാത്രമേ മുന്നോട്ട്‌ പോകാനാകൂയെന്ന് ക്ഷീരകർഷകർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CATTLEFEED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL