
പത്തനംതിട്ട : വേനൽക്കാലത്ത് ആശ്വാസമാകാൻ അരനൂറ്റാണ്ട് മുമ്പ് കമ്മിഷൻ ചെയ്ത പി.ഐ.പി കനാൽ കാലപ്പഴക്കത്തിന്റെ ജീർണതയിൽ. കമ്പി തുരുമ്പിച്ച് കോൺക്രീറ്റിൽ വിള്ളലുകൾ രൂപപ്പെട്ട് ചോർന്നൊലിക്കുന്ന കനാൽ പലഭാഗത്തും തകർച്ച നേരിടുകയാണ്. അക്വഡേറ്റീലടക്കം വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ആറടിയോളം ഉയരത്തിൽ കോൺക്രീറ്റ് ചെയ്ത അക്വഡേറ്റ് തകർന്നാൽ വലിയ അപകടത്തിനും കാരണമാകും.
കനാൽ തകർന്ന് കൃഷിനാശവും വീടുകളിലടക്കം വെള്ളം കയറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പമ്പാനദിയിലെ വെള്ളം ശേഖരിച്ച്, മണിയാറിൽ നിന്നാരംഭിക്കുന്ന കനാൽ വാഴക്കുന്നം ഭാഗത്ത് നിന്നാണ് ഇടതുകരയിലേക്കും വലതുകരയിലേക്കും രണ്ടായി തിരിയുന്നത്. മണിയാർ മുതൽ വാഴക്കുന്നം വരെ 17 കിലോമീറ്ററാണുള്ളത്.
നാരങ്ങാനം ഇടതുകര കനാൽ ഭാഗത്തെ അക്വഡേറ്റിലെ വിള്ളലിലൂടെ വെള്ളം ഒഴുകി സംരക്ഷണഭിത്തിക്ക് സമീപമുള്ള മണ്ണ് ഒലിച്ചുപോയ നിലയിലാണ്. വലിയ ജലനഷ്ടവും സംഭവിക്കുന്നുണ്ട്.
നവീകരണത്തിന് ഫണ്ടില്ല
മെയിൻ , സബ് കനാലുകളടക്കം ആകെ 532 കിലോ മീറ്ററാണ് പമ്പ ഇറിഗേഷൻ പ്രൊജക്ട് (പി.ഐ.പി). കനാലിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ കോടികൾ ചെലവഴിക്കേണ്ടി വരും. ഫണ്ട് ലഭ്യമാകാത്തതിനാൽ അറ്റകുറ്റപ്പണികൾ നടത്താറില്ല. കാട് വെട്ടാനും മണ്ണ് നീക്കം ചെയ്യാനും അത്യാവശ്യ പണികൾക്കുമായി മൂന്ന് കോടി രൂപ കഴിഞ്ഞവർഷം അനുവദിച്ചിരുന്നു. ജലസേചന വകുപ്പിനാണ് ചുമതല. നബാർഡിന്റെ ഫണ്ട് ആവശ്യപ്പെട്ടിട്ടും ലഭിച്ചല്ല.
പി.ഐ.പി കനാലിന്റെ നീളം :
ആകെ 532 കി.മീ (മെയിൻ ,സബ് കനാലുകൾ ഉൾപ്പടെ)
പത്തനംതിട്ട ജില്ലയിൽ
ഇടതുകര : 47.15 കിലോ മീറ്റർ (കാർത്തികപള്ളി വരെ)
വലതുകര : 20.23 കിലോ മീറ്റർ (ഓതറ വരെ)
റാന്നി, കോന്നി, കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂർ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ വെള്ളം എത്തിക്കുന്നു
അറ്റകുറ്റപ്പണികൾക്കായി വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. ജലവിതരണം നടക്കുന്നതിനാൽ നിലവിൽ നിർമ്മാണ ജോലികൾ നടത്താൻ കഴിയില്ല.
പി.ഐ.പി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |