
പത്തനംതിട്ട: പരസ്യ പ്രചാരണത്തിന് ഇനി അഞ്ച് ദിവസം മാത്രം ശേഷിക്കെ അവസാന ലാപ്പിലേക്ക് മുന്നണികൾ കുതിക്കുന്നു. താര പ്രചാരകരെ മൂന്ന് മുന്നണികളും രംഗത്തിറക്കി. എൽ.ഡി.എഫിനു വേണ്ടി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഇന്ന് ജില്ലയിലെത്തും. നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവല്ലയിൽ എത്തുന്നതോടെ എൻ.ഡി.എ പ്രവർത്തകരുടെ പ്രചാരണത്തിന് ഇരട്ടി വേഗമാകും. കോൺഗ്രസിന്റെയും സി.പി.ഐയുടെയും ദേശീയ നേതാക്കൾ വീണ്ടും ജില്ലയിൽ എത്തിയേക്കും. ജനമനസിനെ സ്വാധീനിക്കാൻ കഴിയുന്ന നേതാക്കളെ രംഗത്തിറക്കിയാകും അവസാന ദിവസങ്ങളിലെ പ്രചാരണം. ഒപ്പം സ്ക്വാഡ് വർക്കുകളും ശക്തമാക്കും. സമയക്കുറവ് കാരണം സ്ഥാനാർത്ഥികൾ ഒരു പഞ്ചായത്തിൽ ഒരുതവണ മാത്രമേ എത്തുന്നുള്ളൂ. കുടുംബയോഗങ്ങളിലൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരമാവധി വോട്ട് ഉറപ്പിക്കുകയാണ് പ്രചാരണത്തിന്റെ മറ്റൊരു രീതി. ഉച്ചവെയിലിൽ സ്വീകരണ യോഗങ്ങളിൽ ജനപങ്കാളിത്തം കുറയുന്നുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും പരമാവധി പ്രവർത്തകരെ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് പാർട്ടി നേതാക്കൾ.
ഡിജിറ്റൽ പ്രചരണം ശക്തം
കൊഴുപ്പേകാൻ ഡിജിറ്റൽ പ്ളാറ്റ് ഫോമുകളിൽ മുന്നണികളുടെ പ്രചാരണം ശക്തമാക്കി. സിനിമകളെ വെല്ലുന്ന റീലുകളിൽ സ്ഥാനാർത്ഥികൾ നിറഞ്ഞു നിൽക്കുന്നു. ഓരോ ദിവസവും പരമാവധി റീലുകൾ നിർമ്മിച്ച് പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും അണികളുടെയും പേജുകൾ എത്തിക്കുന്നതിന് പി.ആർ ഏജൻസികളും സജീവമാണ്. സ്ഥാനാർത്ഥികൾക്കൊപ്പം സഞ്ചരിച്ച് തത്സമയ വീഡിയോകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ എത്തിക്കുന്നത്. പ്രചാരണത്തിൽ പരമ്പരാഗത ശൈലിയും ആധുനിക സാങ്കേതിക വിദ്യയും ഒരുപോലെ ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |