കോന്നി : മലയോരത്തെ തിരഞ്ഞെടുപ്പ് കാലത്തിന് വർണാഭ പകർന്ന് വോട്ടഭ്യർത്ഥന നടത്തിയിരുന്ന ചുവരുകളും ബാനറുകളും ഒരുക്കിയിരുന്ന കലാകാരനാണ് 75 കാരനായ ആർട്ടിസ്റ്റ് കെ.പി.വെട്ടൂർ.
ചിഹ്നങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും തിരഞ്ഞെടുപ്പ് ഓളം സൃഷ്ടിച്ചിരുന്ന കെ.പി.വെട്ടൂർ എന്ന ചുരുക്കെഴുത്തിന് ഇന്നും ജനമനസിൽ ഇടമുണ്ട്.
1970ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ അരനൂറ്റാണ്ടിലേറെ വിവിധ തിരഞ്ഞെടുപ്പുകളിൽ സാന്നിദ്ധ്യമായി ഈ കലാകാരൻ. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഒരുകാലത്ത് പരസ്യബോർഡുകളിലും ദിശാബോർഡുകളിലും കെ പിയുടെ കയ്യൊപ്പ് കാണാമായിരുന്നു. ഇന്റർനെറ്റിന്റെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കടന്നുവരവോടുകൂടി ചുവർച്ചിത്ര കലാകാരന്മാർ പിൻവാങ്ങിയതോടെ ആർട്ടിസ്റ്റ് കെ.പിയും പിൻവാങ്ങുകയായിരുന്നു.
രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലും ചുവരുകളിലും ആർട്ടിസ്റ്റ് കെ.പിയുടെ പേരുകൾ കാണാമായിരുന്നു. ജില്ലാ ആസ്ഥാനത്തെ സെൻട്രൽ ജംഗ്ഷനിലെ തുമ്പമൺ ഹോട്ടലിൽ അടുത്ത കാലംവരെ കെ.പി വരച്ച ദൈവങ്ങളുടെ ചിത്രങ്ങളുണ്ടായിരുന്നു.
കുഞ്ഞുപിള്ള എന്ന കെ.പി
വെട്ടൂർ കൊടുവേലിൽ പാപ്പിയുടെയും തിരുമയുടെയും മകൻ കുഞ്ഞുപിള്ളയാണ് പിൽക്കാലത്ത് ആർട്ടിസ്റ്റ് കെ.പിയായി മാറിയത്. മോണോ ആക്ട് കലാകാരൻ, മേക്കപ്പ് ആർട്ടിസ്റ്റ്, നാടക സംവിധായകൻ, കോസ്റ്റ്യൂം ഡിസൈനർ എന്നീ രംഗങ്ങളിലും കെ.പി ശോഭിച്ചു. നിരവധി നാടകങ്ങൾക്ക് രംഗപടം ഒരുക്കിയിട്ടുമുണ്ട്. വേലുത്തമ്പി ദളവ മോണോ ആക്ട് 500 ഇൽ അധികം വേദികളിൽ അവതരിപ്പിച്ചു. പരേതയായ മണിയമ്മയാണ് കെ.പിയുടെ ഭാര്യ. മക്കൾ : സജികുമാർ, സിബി.
50 വർഷം പിന്നിട്ട ചുവരെഴുത്ത് കലാകാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |