
പത്തനംതിട്ട : ജില്ലയിലേക്ക് കടന്നാൽ ദിശാബോർഡുകളിലെ കാടുനീക്കി വഴി കണ്ടുപിടിച്ച് യാത്ര ചെയ്യേണ്ട ഗതികേടാണുള്ളത്. പ്രധാന റോഡുകളിൽ പോലും ബോർഡുകൾ കാടിന്റെ മറവിലാണ്. പലയിടത്തും വള്ളിച്ചെടികൾ പടർന്നും അക്ഷരങ്ങൾ മാഞ്ഞും ബോർഡുകൾ നശിച്ചു. പി.ഡബ്ല്യു.ഡി റോഡ് വിഭാഗമാണ് ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ ഇവയുടെ പരിപാലനം യഥാവിധം നടക്കുന്നില്ല. ജില്ലയിലെ റോഡുകളിൽ വൃത്തിയാക്കുന്ന ഒരു ബോർഡു പോലുമില്ല. വളവുകളിലും പ്രധാനജംഗ്ഷനുകളിലുമുള്ള ബോർഡുകൾ കണ്ണിൽപ്പെടാത്ത അവസ്ഥയിലായത് ദീർഘദൂരയാത്രക്കാരെയാണ് ഏറെ വലയ്ക്കുന്നത്. ശബരിമല തീർത്ഥാടകർ ഉൾപ്പടെ വഴിയിൽ പെടാറുണ്ട്. രാത്രിയിൽ എത്തുന്ന വാഹനയാത്രികരും ഏറെ ദുരിതം അനുഭവിക്കുന്നു.
അറ്റകുറ്റപ്പണിയില്ല
മൂന്നുവർഷമാണ് ദിശാബോർഡുകളുടെ കാലാവധി. വർഷം തോറും അറ്റകുറ്റപ്പണികൾ ചെയ്യണം. എന്നാൽ പലപ്പോഴും അറ്റകുറ്റപ്പണികളുടെ അഭാവമാണ് ബോർഡുകൾ നശിക്കാൻ കാരണം. സ്ഥാപിച്ചതിന് ശേഷം കൃത്യമായി വൃത്തിയാക്കാനോ പരിപാലിക്കാനോ ശ്രമിക്കാത്തതിനാൽ ബോർഡുകൾ കാടുമൂടും, പായൽ പിടിച്ച് മങ്ങും. അടൂർ - പന്തളം, പത്തനംതിട്ട നഗരം, തിരുവല്ല - കോഴഞ്ചേരി, ഇലന്തൂർ - പ്രക്കാനം, റാന്നി - തലച്ചിറ, കോന്നി തുടങ്ങിയ ജില്ലകളിലെ പ്രധാന റോഡുകളിലും ഉപറോഡുകളിലും ദിശാബോർഡുകൾ ശോചനീയമാണ്.
വഴിതെറ്റി സഞ്ചാരികൾ
ജില്ലയിലേക്ക് ആദ്യമായെത്തുന്ന സഞ്ചാരികൾക്ക് ദിശാ ബോർഡിനെ ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വഴി ചോദിച്ചും ഗൂഗിൾ മാപ്പ് വഴിയും വിനോദ സഞ്ചാര കേന്ദ്രത്തിലെത്തേണ്ട ഗതികേടിലാണ് യാത്രക്കാർ.
ദിശാ ബോർഡുകളിലെ കാടുനീക്കാൻ തീരുമാനമായിട്ടുണ്ട്. ചിലയിടങ്ങളിൽ പണി തുടങ്ങി. വേഗത്തിൽ പൂർത്തിയാക്കും.
പി.ഡബ്ല്യു.ഡി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |