
പത്തനംതിട്ട : ചൂട് കനത്തതോടെ വിഷു വിപണി ലക്ഷ്യമിട്ട പച്ചക്കറി കൃഷികളും കരിഞ്ഞുണങ്ങി. ഒന്നു മുതൽ മൂന്നുമാസ കാലയളവിൽ വിളവെടുക്കാൻ കഴിയുന്ന ചീര, പാവൽ, പയർ, വഴുതന, വെണ്ട, മുളക്, മത്തൻ, തക്കാളി, വെള്ളരി തുടങ്ങിയ കൃഷികളാണ് നശിച്ചത്. ചൂടിനൊപ്പം ജലദൗർലഭ്യവും ഏറിയതോടെ കൃഷിയിടങ്ങൾ നനയ്ക്കാനാകുന്നില്ല. നിത്യേന രണ്ടുനേരം നനയ്‌ക്കേണ്ട കൃഷികളാണ് ഏറെ നശിച്ചത്. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിലും പുരയിടങ്ങളിലും തണ്ണീർത്തടങ്ങളിലുമാണ് ഇത്തരം കൃഷികൾ വ്യാപകമായി ചെയ്യുന്നത്. എന്നാൽ ചൂട് 38 ഡിഗ്രിക്ക് മുകളിലെത്തിയതോടെ പാടശേഖരങ്ങളും തണ്ണിർത്തടങ്ങളും വറ്റിവരണ്ടു. കനാൽ ജലവും സമയത്ത് ലഭിക്കാതായതോടെ കൃഷികൾ വ്യാപകമായി കരിഞ്ഞു. ചൂടുകൂടിയതോടെ കുലച്ചവാഴകൾ പോലും ഒടിഞ്ഞുവീഴാൻ തുടങ്ങിയിട്ടുണ്ട്.
കടം വളർന്ന് കർഷകർ
കാർഷികവിളകൾ കരിഞ്ഞുണങ്ങിയത് കർഷകർക്ക് വലിയ നഷ്ടമാണ് വരുത്തിയത്. വിഷുക്കാലത്ത് വിളവെടുപ്പ് നടന്നിരുന്നുവെങ്കിൽ ലാഭകരമാകുമായിരുന്ന കൃഷിയാണ് നശിച്ചത്. ഭൂമി പാട്ടത്തിനെടുത്തും തൊഴിലാളികളെ നിയോഗിച്ചും കൃഷി ഇറക്കിയവർ വലിയ പ്ര
തിസന്ധിയിലായി. വെറ്റക്കൊടി കർഷകരും ആശങ്കകളുടെ നടുവിലാണ്. ദിവസവും രണ്ടുനേരം നനച്ചില്ലെങ്കിൽ വെറ്റക്കൊടി വാടും. ഇതൊഴിവാക്കാൻ തടങ്ങളിൽ ചപ്പുഉപയോഗിച്ചും വെറ്റകൃഷിക്ക് മുകളിലായി പന്തലിട്ട് തണലൊരുക്കി തണുപ്പ് നൽകിയിട്ടും തണ്ടുകൾ വാടിത്തുടങ്ങി.
സർക്കാർ സഹായിക്കണം
ലോണെടുത്തും കടംവാങ്ങിയുമാണ് മിക്ക കർഷകരും കൃഷി ചെയ്യുന്നത്. ജലദൗർലഭ്യം കൃഷി നാശത്തിന് കാരണമാകുന്നു. പ്രതിസന്ധി മറികടക്കാൻ സർക്കാർ തലത്തിൽ സഹായം നൽകിയില്ലെങ്കിൽ കർഷകർ കടക്കെണിയിലാകും.
കമലാസനൻ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |