കടമ്പനാട് : കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാൽ കലുങ്കിന് സംരക്ഷണഭിത്തിയില്ലാത്തത് അപകട ഭീഷണിയാകുന്നു. കടമ്പനാട് - ഏനാത്ത് റോഡിൽ കടമ്പനാട് ജംഗ്ഷനിലാണ് മെയിൻ കനാൽ വായ് തുറന്നിരിക്കുന്നത്. പത്തടിയിലേറെ താഴ്ചയുള്ള കാനലിൽ ഏഴടിയോളം പൊക്കത്തിൽ വെള്ളം ഒഴുകുകയാണ്. നാട്ടുകാർ തടി വച്ച് അപകടമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരക്കേറിയ ജംഗ്ഷനിൽ കലുങ്കിന് സംരക്ഷണഭിത്തി ഇല്ലാത്തത് പെട്ടന്ന് ശ്രദ്ധയിൽപെടില്ല. ജംഗ്ഷനിൽ തിരക്കേറുമ്പോൾ കനാൽ റോഡിലൂടെയാണ് വാഹനങ്ങൾ വഴിതിരിഞ്ഞു പോകുന്നത്. വാഹനങ്ങൾ റിവേഴ്സ് പോകാൻ തിരിക്കുന്നതും കനാൽ റോഡിലേക്ക് കയറ്റിയാണ്. പിന്നിലോട്ട് എടുക്കുന്ന വാഹനങ്ങൾ കനാൽ റോഡിലേക്ക് തിരിയുന്ന സ്ഥലത്താണ് കലുങ്കിലെ സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗം. വർഷങ്ങൾക്ക് മുൻപ് കനാൽ നിർമിച്ചത് ഇപ്പോൾ സംസ്ഥാനപാതയായി മാറിയ കടമ്പനാട് - ഏനാത്ത് റോഡിന് അടിയിലൂടെയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അന്ന് റോഡിൽ നിന്ന് കനാലിലേക്ക് ആളുകളും വാഹനങ്ങളും വീഴാതിരിക്കാൻ പാറകൾ അടുക്കി സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നു. വർഷംതോറും വെള്ളം ഒഴുക്കി വിടുന്നതിന് മുൻപ് കെ.ഐ.പി അധികൃതർ കനാൽ വൃത്തിയാക്കും. എന്നാൽ, സംരക്ഷണ ഭിത്തി നിർമ്മിക്കാൻ തയ്യാറായിട്ടില്ല.
പണം അനുവദിക്കുന്നില്ല
കനാലിലെ അപകടഭീഷണി നാട്ടുകാർ പലതവണ കെ.ഐ.പി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. സംരക്ഷണഭിത്തി കെട്ടാമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജലവിഭവവകുപ്പ് പണം അനുവദിക്കുന്നില്ലെന്നാണ് പറയുന്നത്. വെള്ളം ഒഴുകുന്ന കനാലിലേക്ക് ആളുകൾ വീണാൽ നില കിട്ടാതെ മുങ്ങിപ്പോകും. ശക്തമായ ഒഴുക്കുമുണ്ട്.
പത്തടിയിലേറെ താഴ്ചയുള്ള
കാനലിൽ ഏഴടിയോളം വെള്ളം
കനാൽ ഭിത്തി നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്. പലതവണ കെ.ഐ.പിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
പൊടിമോൻ, കടമ്പനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |