
പത്തനംതിട്ട : മഴപെയ്താൽ വെള്ളത്തിൽ ചവിട്ടി നിന്നുവേണം പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഗാരേജിലെ ജീവനക്കാർ ജോലി ചെയ്യാൻ. ചെറിയ മഴയിൽ പോലും നിറയെ വെള്ളമാണ് ഗാരേജിൽ. കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മലിനജലവും ഇവിടേക്ക് ഒഴുകിയെത്തും. നാല് വർഷത്തിലധികമായി ഈ ദുരിതം തുടരുന്നെങ്കിലും അധികൃതർ കണ്ടമട്ടില്ല. മഴയിൽ മെയിന്റനൻസ് റാമ്പിൽ അരപ്പൊക്കത്തോളം വെള്ളം നിറയാറുണ്ട്. മോട്ടോർ ഉപയോഗിച്ച് റാമ്പിലെ വെള്ളം വറ്റിച്ചാണ് ബസുകളുടെ അറ്രകുറ്റപ്പണി നടത്തുന്നത്. പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നിർമ്മിച്ചപ്പോൾ മുതൽ ഇതായിരുന്നു അവസ്ഥ. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് യാർഡിനൊപ്പം ഗാരേജ് ഉയർത്താൻ നീക്കമുണ്ടായിരുന്നെങ്കിലും പദ്ധതി നടന്നില്ല.
മലിനജലവും ചെളിയും നിറഞ്ഞ ഗാരേജിൽ ദുർഗന്ധം സഹിച്ചാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. കക്കൂസിൽ നിന്നടക്കമുള്ള മാലിന്യങ്ങൾ ഗാരേജിനും യാർഡിനുമിടയിലുള്ള ഓടയിൽ കൂടി ഒഴുകുന്നുണ്ട്. കഴിഞ്ഞ വർഷം ആരോഗ്യ വകുപ്പ് അധികൃതർ ഗാരേജിൽ പരിശോധന നടത്തി പകർച്ചവ്യാധി മുന്നറിയിപ്പ് നൽകിയിരുന്നു. ഗാരേജിലെ നിരവധി ജീവനക്കാർക്ക് മുമ്പ് ഡെങ്കിപ്പനി ബാധിച്ചിരുന്നു.
ഗാരേജിന് ചുറ്റും കാടാണ്. ഇഴജന്തുക്കളടക്കം ഇവിടെയുണ്ട്. കാട് വളർന്ന് ഒരാൾപ്പൊക്കമായി. കൊതുക് ശല്യവുമുണ്ട്. കെ.എസ്.ആർ.ടി.സി യാർഡ് പണിതപ്പോഴെടുത്ത മണ്ണ് ഇവിടെ കൂന കൂടി കിടക്കുകയാണ്.
അറുപത്തഞ്ചോളം ജീവനക്കാർ ജോലി ചെയ്യുന്ന ഗാരേജിൽ കുടിവെള്ളം പോലുമില്ല. സമീപത്തെ കിണറിൽ നിന്നാണ് ഗാരേജിലേക്കുള്ള വെള്ളം എത്തിക്കുന്നത്. എന്നാൽ ഈ കിണർ വൃത്തിയാക്കാതെ മലിനമായി കിടക്കുകയാണ്. കലങ്ങിയ വെള്ളമാണ് ജീവനക്കാർ ഉപയോഗിക്കുന്നത്.
പണമില്ല, പണി നടന്നില്ല
@ കഴിഞ്ഞ വർഷം മേയ് മാസത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഫണ്ട് ഉപയോഗിച്ച് ഗാരേജിലെ ഡ്രയിനേജ് മാറ്റി പുതിയത് നിർമ്മിക്കാൻ തുടങ്ങിയെങ്കിലും പണം തികയാത്തതിനാൽ പദ്ധതി പാതിവഴിയിൽ നിലച്ചു.
@ കെ.എസ്.ആർ.ടി.സിക്ക് പുതിയ കെട്ടിടം നിർമ്മിച്ചപ്പോഴും ഗാരേജിന്റെ അവസ്ഥ മെച്ചപ്പെടുത്താൻ നടപടിയുണ്ടായില്ല. 2015 സെപ്തംബറിലാണ് മൂന്ന് നിലയുള്ള കെ.എസ്.ആർ.ടി.സി കെട്ടിടം നിർമ്മാണം ആരംഭിച്ചത്.
@ മികച്ച സൗകര്യങ്ങളോടെ 2022 ജൂണിൽ കെട്ടിടം ഉദ്ഘാടനം ചെയ്തു. ശോചാനീയാവസ്ഥയിലുള്ള ഗാരേജ് ഇതോടൊപ്പം നവീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ അതുണ്ടായില്ല.
@ യാർഡ് നിരപ്പിൽ നിന്ന് താഴെയാണ് ഗാരേജ്. ഡിപ്പോയിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മലിന ജലവും മഴക്കാലത്തെ വെള്ളവും ഗാരേജിലേക്കാണ് ഒഴുകിയെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |