
പ്രമാടം: അച്ചൻകോവിലാറ്റിലെ പ്രമാടം വേലൻകടവിൽ കടത്ത് നിലച്ചതോടെ നാട്ടുകാർ വലയുന്നു. ഒരുവർഷമായി ആറ്റിലൂടെ കടത്തുസർവീസില്ല. പ്രമാടം പടിഞ്ഞാറ് നിവാസികൾക്കും പത്തനംതിട്ട കൊടുന്തറക്കാർക്കും പാറക്കടവ് പാലം വഴിയല്ലാതെ വളരെ വേഗം അക്കരെ ഇക്കരെ യാത്ര ചെയ്യാനുള്ള എളുപ്പമാർഗമായിരുന്നു ഈ കടത്ത് സർവീസ്. നിരവധി ആളുകളാണ് ദിവസേന കടത്തുവള്ളത്തെ ആശ്രയിച്ചിരുന്നത്. പ്രമാടത്തെയും പത്തനംതിട്ടയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പ്രമാടം മഹാദേവർ ക്ഷേത്രം, എന്നിവിടങ്ങളിലെല്ലാം എളുപ്പത്തിൽ എത്താൻ ആളുകൾ കടത്തുവള്ളത്തെ ആശ്രയിച്ചിരുന്നു. ഇപ്പോൾ കിലോമീറ്ററുകൾ കറങ്ങി പാറക്കടവ് പാലം വഴി വേണം അക്കരെ ഇക്കരെ എത്താൻ.
75 വർഷം മുമ്പാണ് ഇതുവഴി കടത്ത് തുടങ്ങിയത് . പ്രമാടം ഗ്രാമപഞ്ചായത്തിനെയും പത്തനംതിട്ട നഗരസഭയെയും തമ്മിൽ ബന്ധിപ്പിച്ച് ഒരു പാലം എന്ന ആശയം ആദ്യം ഉയർന്നത് വേലൻകടവിലായിരുന്നു. എന്നാൽ ചില എതിർപ്പുകളെ തുടർന്ന് ഇത് നടന്നില്ല. തുടർന്നാണ് പാറക്കടവിൽ പാലം നിർമ്മിച്ചത്. പാറക്കടവ് പാലം യാഥാർത്ഥ്യമായെങ്കിലും പ്രമാടം പടിഞ്ഞാറ്, കൊടുന്തറ നിവാസികളുടെ യാത്രാക്ളേശം പരിഹരിക്കാൻ വേലൻകടവിൽ കടത്ത് സർവീസ് നിലനിറുത്തുകയായിരുന്നു.രണ്ട് വള്ളങ്ങളാണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. ഒരു വള്ളം വേലൻകടവിലും മറ്റൊന്ന് കൊടുന്തറ കടവിലും. ഇരുകരകളിലും വള്ളപ്പുരകളും ഉണ്ടായിരുന്നു. പിന്നീട് വേലൻകടവിലെ ഒരു വള്ളം മാത്രമായി ചുരുങ്ങി. കടത്തുകാരനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികളിൽ ചിലർ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
പുതിയ നിയമനം വൈകുന്നു
@ കഴിഞ്ഞ വർഷം മാർച്ചിൽ കടത്തുകാരൻ വിരമിച്ചതോടെയാണ് കടത്ത് നിലച്ചത്. പകരം നിയമനം നടന്നില്ല. പ്രമാടം ഗ്രാമപഞ്ചായത്തിലെ വേലൻ കടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും തമ്മിൽ ബന്ധിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായായിരുന്നു കടത്ത്.
@ കപൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ ആണ് ഒരോ സ്ഥലങ്ങളിലും കടത്തുകാരനെ നിയമിക്കുന്നത്. പൊതുമരാമത്ത് നടത്തുന്ന സ്ഥിരം നിയമനങ്ങൾക്ക് സർക്കാർ സർവീസ് ചട്ടങ്ങൾ ബാധകമാണ്. കടത്തുകാരൻ പെൻഷനായാൽ ഇപ്പോൾ പുതിയ നിയമനങ്ങൾ നടക്കാറില്ല.
@ പെൻഷനായവരെ തുടരാൻ അനുവദിക്കുകയോ താത്കാലിക നിയമനങ്ങൾ നടത്തുകയോ ആണ് ചെയ്യുന്നത്. പക്ഷേ പലയിടത്തും ഇത് നടക്കുന്നില്ല. പ്രമാടം വേലൻകടവിൽ കടത്തുകാരനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.
75 വർഷം പഴക്കമുള്ള കടത്ത് സർവീസ്
'കടത്ത് നിലച്ചതോടെ കിലോമീറ്ററുകൾ അധികം യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങും.'
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |