
മലയാലപ്പുഴ : പന്ത്രണ്ട് വയസുകാരന് കഞ്ചാവ് ബീഡി നൽകിയശേഷം ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ മലയാലപ്പുഴ പൊലീസ് അറസ്റ്റുചെയ്തു. നാരങ്ങാനം തോന്ന്യാമല മധുമല ലക്ഷംവീട്ടിൽ അശ്വിൻ രാജ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുമായി പരിചയംസ്ഥാപിച്ച അശ്വിൻ നിരവധിതവണ കുട്ടിക്ക് കഞ്ചാവ് ബീഡി നൽകുകയും വലിക്കാൻ നിർബന്ധിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. കുട്ടി കഞ്ചാവ് ബീഡി ഉപയോഗിച്ച ശേഷം ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കഞ്ചാവ് ബീഡി ഉപയോഗിച്ചതോടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ചികിത്സയിൽ ഡോക്ടറോടാണ് കുട്ടി കഞ്ചാവ് ഉപയോഗിച്ച കാര്യം പറഞ്ഞത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് മലയാലപ്പുഴ പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാഫി ബി.എം, എസ്.ഐ. വിപിൻ.വി.പിള്ള, പൊലീസ് ഉദ്യോഗസ്ഥരായ ടെന്നിസൻ, അജിത് പ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |