
കോന്നി: വേനൽ മഴ പെയ്തെങ്കിലും ചൂട് ശമിച്ചിട്ടില്ല. കൊടുംചൂടിൽ വലഞ്ഞതോടെ വീടുകളിലെക്ക് എയർ കണ്ടീഷണർ വാങ്ങുന്നവരുടെ എണ്ണംകൂടി. കഴിഞ്ഞ വർഷത്തെക്കാൾ 40 ശതമാനത്തിന് മുകളിലാണ് ഇത്തവണ വിൽപ്പന വർദ്ധിച്ചതെന്ന് വ്യാപാരികൾ പറയുന്നു . കനത്ത ചൂടിൽ എസിയില്ലാതെ ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് സാധാരണക്കാർ പോലും എ.സി വാങ്ങിക്കാൻ നിർബന്ധിതനാകുന്നത്. ഒരിക്കൽ ആഢംബരമായി കണ്ടിരുന്ന എയർ കണ്ടിഷണറുകൾ ഇന്ന് മലയാളിക്ക് അവിഭാജ്യ ഘടകമായി ഫാനും കൂളറും ഇപ്പോഴത്തെ ചൂട് ശമിപ്പിക്കാൻ ഉതകുന്നില്ല. അതിനാൽ പണം ചെലവായാലും എസി വാങ്ങാൻ തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും തീരുമാനം.
രാത്രിയിലാണ് കൂടുതൽ പേരും എ സി ഉപയോഗിക്കുന്നത്. . ഡൈനിങ് ഹാളിലും വീടിന്റെ ടെറസിലും കിടന്നുറങ്ങുന്നവരുണ്ട്. വായ്പയെടുത്തും ഇഎംഐ വഴിയും എസി വാങ്ങുന്നവരുണ്ട്. ബഡ്ജറ്റ് ഫ്രണ്ട്ലിയായുള്ള എസിക്കാണ് ആവശ്യക്കാർ ഏറെയും. ഇൻവെർട്ടർ എസി പോലെ വൈദ്യുതി കൂടുതൽ ലാഭിക്കുന്ന എസികൾ വാങ്ങാനും ആളുകൾ താൽപ്പര്യപ്പെടുന്നുണ്ട്. എസി സ്ഥാപിച്ച വീടുകളുടെ എണ്ണം 9 മടങ്ങായി വർദ്ധിച്ചേക്കുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2027നുള്ളിൽ രാജ്യത്തെ എസി വിപണിയിൽ 19 ശതമാനം വർദ്ധനയുണ്ടാകും.
ചൂടാകാതെ ഖദർ ധരിക്കൂ...
ചൂടിനെ പ്രതിരോധിക്കാൻ ഖദർ വസ്ത്രങ്ങൾ ധരിക്കണമെന്ന് പ്രചരണവുമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് . ചൂടുളള സമയത്ത് തണുപ്പും, തണുപ്പ് സമയത്ത് ചൂടും പ്രദാനം ചെയ്യുന്നതാണ് ഖാദിയുടെ പ്രത്യേകത. വസ്ത്രങ്ങൾ നെയ്തെടുക്കുമ്പോൾ നൂലിഴകളിൽ വേണ്ടത്ര അകലം ഉള്ളതിനാൽ അന്തരീക്ഷത്തിലുള്ള ചൂടിനെ നിയന്ത്രിച്ച് ശരീരത്തിന് സംരക്ഷണം നൽകും പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനുകീഴിൽ അടൂർ, റാന്നി, പത്തനംതിട്ട, ഇലന്തൂർ എന്നിവിടങ്ങളിലാണ് ഖാദി വിൽപ്പന കേന്ദ്രങ്ങൾ . മേയ് ഒന്നുമുതൽ 31വരെ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വിലക്കിഴിവുണ്ട്. . കോട്ടൺ, സിൽക്ക് സാരികൾ, റെഡിമെയ്‌ഡ് ഷർട്ടുകൾ, ഷർട്ട് തുണി, ബെഡ് ഷീറ്റുകൾ, ചുരിദാർ ടോപ്പുകൾ, തോർത്തുകൾ, മുണ്ടുകൾ, ടവ്വലുകൾ, പഞ്ഞി കിടക്കകൾ, തലയിണകൾ, നറുതേൻ, എള്ളെണ്ണ, ഖാദി ബാർ സോപ്പ് തുടങ്ങി വിവിധ തരം ഉത്പന്നങ്ങൾ ലഭിക്കും. ഖാദി ബോർഡ് മെമ്പർ സാജൻ തൊടുക, പ്രൊജക്ട് ഓഫീസർ വി. ഹരികുമാർ അടക്കമുള്ളവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |