SignIn
Kerala Kaumudi Online
Saturday, 30 May 2026 5.57 PM IST

ചെങ്ങന്നൂരിൽ വോട്ട് അട്ടിമറി ആരോപണവുമായി യു.ഡി.എഫ്

44
എബി കുരിയാക്കോസിൻ്റെ വാർത്താ സമ്മേളനം

ചെങ്ങന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വോട്ട് അട്ടിമറി നടന്നതായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എബി കുരിയാക്കോസ് ആരോപിച്ചു. സി.പി.എമ്മും, ബി.ജെ.പിയും തമ്മിൽ നടന്ന ഡീലിന്റെ ഫലമായാണ് സജി ചെറിയാൻ വിജയിച്ചതെന്നും, ഇതിന് വ്യക്തമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചെങ്ങന്നൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുകൾ വൻതോതിൽ സി.പി.എമ്മിലേക്ക് മാറിയെന്നാണ് യു.ഡി.എഫിന്റെ പ്രധാന ആരോപണം. കണക്കുകൾ നിരത്തി തന്നെയാണ് യു.ഡി.എഫ് ഈ വാദം ഉന്നയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 41,000ത്തിലധികം വോട്ടുകൾ ലഭിച്ചിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി 32,900 വോട്ടുകൾ സമാഹരിച്ചു. എന്നാൽ ഇത്തവണ ബി.ജെ.പി വോട്ടുകൾ 30,900 ആയി കുറഞ്ഞു. ബി.ജെ.പിയുടെ വോട്ടുകളിൽ നിന്ന് ഏകദേശം 10,000-ത്തോളം വോട്ടുകൾ കുറവായതും, ഈ വോട്ടുകൾ സജി ചെറിയാനെ അനുകൂലിച്ചെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം. തിരുവൻവണ്ടൂർ, ചെന്നിത്തല, ആല, ബുധനൂർ എന്നീ ബി.ജെ.പി സ്വാധീന മേഖലകളിൽ ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റുമാർ അധികാരത്തിലെത്താൻ സാഹചര്യം ഒരുക്കിയത് സി.പി.എമ്മാണെന്നും, അതിന് പകരമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുകൾ സി.പി.എമ്മിന് കൈമാറിയതാണെന്നും അഡ്വ.എബി കുരിയാക്കോസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ സി.പി.എമ്മും, ബി.ജെ.പിയും വൻതോതിൽ പണം ചെലവഴിച്ചുവെന്ന ആരോപണവും യു.ഡി.എഫ് ഉന്നയിച്ചു. യു.ഡി.എഫ് നേതാക്കളായ ജൂണി കുതിരവട്ടം, അഡ്വ.നാഗേഷ് കുമാർ, കെ.ആർ. സജീവൻ, പി.വി. ജോൺ, ജോജി ചെറിയാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL