
പമ്പ : ശബരീശ ദർശനം കഴിഞ്ഞ് മലയിറങ്ങുന്നതിനിടെ കൂട്ടം തെറ്റിയ മണികണ്ഠനെ കണ്ടെത്തി രക്ഷിതാവിനെ തിരികെ ഏൽപ്പിച്ച് പൊലീസ് കരുതലിന്റെ കാവലാളായി. കുടുംബാംഗങ്ങളോടൊപ്പം തമിഴ്നാട്ടിൽ നിന്ന് എത്തിയ എട്ടുവയസ്സുകാരൻ ഗോവിന്ദാണ് നീലിമല മരക്കൂട്ടം പാതയിൽ കൂട്ടം തെറ്റിയത്. ഇതോടെ കുട്ടിയും രക്ഷിതാവും ഒരുപോലെ ആശങ്കയിലായി. വിവരം പൊലീസിൽ അറിയിക്കാനായി പിതാവ് വേഗം മലയിറങ്ങി. ഇതിനിടെ കരഞ്ഞുകൊണ്ടു മലയിറങ്ങിയ കുട്ടിയെ കണ്ട പമ്പാ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മെഗാഫോണിലൂടെ വിളിച്ചു പറഞ്ഞുകൊണ്ട് അതിവേഗം കുത്തനെയുള്ള നീലിമലയിറങ്ങി. ഇതെസമയം ഒരേ ബാച്ചുകാരനും ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് സ്റ്റാഫുമായ സീനിയർ സിവിൽ പൊലീസ് ഓഫീസർ അമലും സഹായത്തിനെത്തി. മെഗാഫോണിലൂടെ ഇതുകേട്ട കുട്ടിയുടെ രക്ഷിതാവ് അജിത്ത് ഇവരുടെ അടുത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി. ഇതോടെ ഇവിടെ ഉണ്ടായിരുന്ന മറ്റ് തീർത്ഥാടകർ ശരണംവിളികളോടെ കൈയടിച്ചു. ഇടവമാസ പൂജകൾക്കായി നടതുറന്നശേഷം ശബരമലയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി പതിവ് സന്ദർശനത്തിന് ശബരിമലയിൽ എത്തിയിരുന്നു. മലകയറ്റത്തിനിടെ കൂട്ടം തെറ്റുന്നവരെ കണ്ടെത്താൻ മെഗാഫോൺ ഉപകരിക്കുമെന്ന് അദ്ദേഹം വിലയിരുത്തുകയും ഇത് ഡ്യൂട്ടിയിലുള്ളവർക്ക് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത് വളരെ വേഗത്തിൽ നടപ്പിലാക്കിയതാണ് കുട്ടിയെ പെട്ടെന്ന് കണ്ടെത്തുന്നതിന് കാരണമായത്. ജില്ലാപൊലീസ് മേധാവി ആർ.ആനന്ദ് പൊലീസുകാരെ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |