
പത്തനംതിട്ട : ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ പരാധീനതകൾക്ക് നടുവിൽ പ്രവർത്തിക്കുന്ന മെഴുവേലി ഗവ.വനിത ഐ.ടി.ഐയ്ക്ക് പഞ്ചായത്തംഗത്തിന്റെ ഇടപെടലിൽ ശാപമോക്ഷമാകുന്നു. പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായ കെട്ടിടത്തിൽ ഭീതിയോടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ദുരിതം അടുത്തറിഞ്ഞ ഇലവുംതിട്ട പണമെടുത്തെതിൽ കുടുംബാംഗവും മെഴുവേലി പഞ്ചായത്ത് പത്താംവാർഡിലെ കോൺഗ്രസ് അംഗവുമായ ബിജോ വർഗീസാണ് ഐ.ടി.ഐയ്ക്കായി ഭൂമി ദാനം ചെയ്തത്. കുടുംബവസ്തുവിൽ നിന്ന് 80 സെന്റിന്റെ രേഖകൾ കെട്ടിടം നിർമ്മാണത്തിനായി അധികൃതർക്ക് കൈമാറി. കെട്ടിടത്തിന്റെ ശോച്യാവസ്ഥമൂലം ഐ.ടി.ഐയുടെ പ്രവർത്തനം നിറുത്തേണ്ട സാഹചര്യമാണുണ്ടായിരുന്നത്.
കെട്ടിടത്തിന്റെ ജീർണാവസ്ഥമൂലം പഠനത്തിനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ ഓരോ വർഷവും വലിയ കുറവാണ് ഉണ്ടായത്. ഒരു വർഷത്തെ കോഴ്സായ ഫാഷൻ ഡിസൈനിംഗിനും രണ്ടുവർഷ കോഴ്സായ ഡ്രാഫ്റ്റ് മാൻ സിവിൽ എൻജിനിയറിംഗിനും രണ്ടു ബാച്ചിലുമായി 64 വിദ്യാർത്ഥിനികളാണ് പഠിക്കുന്നത്.
50 വർഷത്തെ പഴക്കം
ഇലവുംതിട്ട ജംഗ്ഷനിൽ 50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് ജില്ലയിലെ ഏക വനിതാ ഐ.ടി.ഐ പ്രവർത്തിക്കുന്നത്. മേൽക്കൂരയിലെ ഇളകിവീഴുന്ന കോൺക്രീറ്റ് പാളികളും തുരുമ്പെടുത്ത കോൺക്രീറ്റ് ബീമുകളും അപകടഭീഷണി ഉയർത്തിയിരുന്നു. ഇവിടുത്തെ ദയനീയ സ്ഥിതി ചൂണ്ടികാട്ടി കേരളകൗമുദി കഴിഞ്ഞ മാർച്ച് 12ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെജോമോനാണ് സ്ഥലം ലഭ്യമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തിയത്.
ഐ.ടി.ഐയുടെ കെട്ടിടം നിർമ്മിക്കാൻ 1.04 ഏക്കർ സ്ഥലമാണ് വേണ്ടത്. ഗ്രാമപഞ്ചായത്തിന്റെ കൈവശം 1.11 ഏക്കർ സ്ഥലമുണ്ടെങ്കിലും ആവശ്യമായ വഴി സൗകര്യമില്ല. റോഡിന് വീതികൂട്ടാൻ പ്രദേശത്തെ സ്വകാര്യ വ്യക്തികളുമായി നടന്ന ചർച്ച തീരുമാനമാകാതെ നീണ്ടു പോയതോടെയാണ് ബിജോ വർഗീസ് സ്ഥലം നൽകാൻ മനസുകാട്ടിയത്.
നിജോമോൻ
പ്രസിഡന്റ്
മെഴുവേലി ഗ്രാമപഞ്ചായത്ത്
സെന്റിന് രണ്ടുലക്ഷത്തിലധികം രൂപ വിലയുള്ള 80 സെന്റ് സ്ഥലമാണ് സൗജന്യമായി ലഭിച്ചത്. അധികമായി വേണ്ട സ്ഥലം കണ്ടെത്താനും സഹായിക്കാമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. തുടർ നടപടികൾക്കായി ഇൻഡസ്ട്രിയൽ ഡിപ്പാർട്ടുമെന്റിന് ഇക്കാര്യങ്ങൾ വ്യക്തമാക്കി കത്തുനൽകി.
വിശ്വനാഥൻ.സി.എസ്
പ്രിൻസിപ്പൽ
ഗവ.വനിതാ ഐ.ടി.ഐ, മെഴുവേലി
വിദ്യാർത്ഥികൾ : 64,
ജീവനക്കാർ : 18
വനിതാ ഐ.ടി.ഐയ്ക്ക് വേണ്ടത് : 1.04 ഏക്കർ
ഇപ്പോൾ ലഭിച്ചത് : 80 സെന്റ്
വനിതാ ഐ.ടി.ഐ സ്ഥാപിച്ചത്: 2008ൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |