SignIn
Kerala Kaumudi Online
Monday, 01 June 2026 5.03 AM IST

കർഷകർക്ക് കഷ്ടപ്പാട്, നെല്ല് സംഭരി​ച്ചി​ട്ട് പണം നൽകാതെ സപ്ലൈകോ

nellu

ചെങ്ങന്നൂർ: നെല്ല് സംഭരി​ച്ചി​ട്ട് രണ്ടുമാസം പി​ന്നി​ട്ടി​ട്ടും സപ്ലൈകോ പണം നൽകാത്തതിനാൽ കർഷകർ ദുരി​തത്തി​ലായി​. തിരുവൻവണ്ടൂർ കൃഷിഭവന്റെ പരിധിയിലുള്ള ആറുപാടശേഖരങ്ങളിലെ നെൽ കർഷകർക്കാണ് പണം ലഭിക്കാത്തത്. 250 ഹെക്ടർ പ്രദേശത്തായി​രുന്നു പാടശേഖരസമി​തി​കളുടെ നേതൃത്വത്തി​ൽ കൃഷി​ ഇറക്കി​യത്. മഴുക്കീർ, ഉമയാറ്റുകര, കോലിടത്തുശേരി, വനവാതുക്കര, ഇരമല്ലിക്കര, തിരുവൻവണ്ടൂർ എന്നീ പാടശേഖരങ്ങളിൽ നൂറുമേനി​ വി​ളഞ്ഞു. കഴിഞ്ഞ മാർച്ചി​ൽ വി​ളവെടുപ്പ് പൂർത്തിയാക്കി നെല്ല് അളന്ന് സപ്ലൈകോയുടെ കീഴിലുള്ള മില്ലുകാർ കൊണ്ടുപോയി. സപ്ലൈകോ പി.ആർ.എസ് (Paddy Receipt Sheet) രസീത് നൽകിയെങ്കിലും ബാങ്കുകളെ സമീപിച്ചപ്പോൾ പണം കിട്ടയില്ല. ഓണം ലക്ഷ്യമിട്ട് അടുത്ത കൃഷിക്കായി വിത്ത് വിതയ്ക്കേണ്ട സമയമായിട്ടും കഴിഞ്ഞ വിളവെടുപ്പിന്റെ പണം ലഭിക്കാത്തത് കർഷകരെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മിക്ക കർഷകരും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. സ്വർണാഭരണങ്ങൾ പണയംവച്ചും ബാങ്ക് വായ്പയെടുത്തും പണം മുടക്കി​യവരാണ് ഭൂരി​പക്ഷവും.

കർഷകർക്ക് പലി​ശഭാരവും

നെല്ലിന്റെ പണം ലഭിക്കാത്തതിനാൽ വായ്പകളുടെ പലിശ അടയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കർഷകർ. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വീണ്ടും കടം വാങ്ങേണ്ട ഗതികേടിലാണെന്ന് കർഷകർ പറയുന്നു. കൃഷി വകുപ്പ്, സപ്ലൈകോ ഓഫീസുകളിലേക്ക് പ്രതിഷേധ പരിപാടികളും സമരങ്ങളും സംഘടിപ്പിക്കുമെന്ന് വിവിധ പാടശേഖര സമിതികൾ അറിയിച്ചു.

പി.ആർ.എസ് സ്വീകരി​ക്കാതെ ബാങ്കുകൾ

സപ്ളൈകോ സംഭരി​ക്കുന്ന നെല്ലി​ന്റെ വി​ല പണമായി​ നൽകാതെ പി.ആർ.എസ് (Paddy Receipt Sheet) രസീതായാണ് കർഷകർക്ക് നൽകുന്നത്. നെല്ലിന്റെ അളവും അതിന് ലഭിക്കേണ്ട തുകയും രേഖപ്പെടുത്തിയിട്ടുള്ള രസീത് കർഷകർ ബാങ്കി​ൽ നൽകുമ്പോൾ അക്കൗണ്ടി​ലേക്ക് ബാങ്കാണ് പണം ഇടുന്നത്. ഇതി​ന് ബാങ്കി​ന് പലി​ശ ഉൾപ്പടെ സപ്ളൈകോ തി​രി​കെ നൽകുന്നതായി​രുന്നു രീതി​. എന്നാൽ മുമ്പ് പി.ആർ.എസ് സ്വീകരി​ച്ച പല ബാങ്കി​നും സപ്ളൈകോ യഥാസമയം പണവും പലി​ശയും നൽകി​യി​ട്ടി​ല്ല. അതി​നാൽ ബാങ്കുകൾ പി.ആർ.എസ് സ്വീകരി​ക്കാൻ മടി​ക്കുകയാണ്. രസീത് സ്വീകരി​ച്ച ബാങ്കുകൾ പണം നൽകാനും തയ്യാറായി​ട്ടി​ല്ല. സപ്ളൈകോ നൽകുന്ന മുറയ്ക്ക് പണം നൽകാമെന്ന നി​ലപാടി​ലാണ് ബാങ്ക് അധി​കൃതർ.

..............................................

കൃഷി ചെയ്ത പുഞ്ചപ്പാടം : 250 ഹെക്ടർ

കർഷകരുടെ എണ്ണം : 200

.......................................................................

ഒരാഴ്ചയ്ക്കകം പണം നൽകാമെന്ന ഉറപ്പിലായിരുന്നു നെല്ല് കൈമാറിയത് . എന്നാൽ ഇതുവരെ പണം ലഭിച്ചിട്ടില്ല. സപ്ളൈകോ അധി​കൃതരുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

കെ.പി.ചന്ദ്രൻപിള്ള,

(മഴുക്കീർ പാടശേഖര സമിതി സെക്രട്ടറി)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL