
ആറൻമുള : ഉത്രശ്രീബലിക്ക് ശേഷം രാവിലെ ഏഴിന് ആനക്കൊട്ടിലിൽ കത്തിച്ച നിലവിളക്കുകൾക്ക് മുമ്പിൽ സദ്യ വഴിപാടുകാരൻ നെൽപ്പറകൾ നിറച്ചതോടെ ആറൻമുള ഭഗവാന്റെ വള്ളസദ്യയ്ക്ക് തുടക്കമായി. രണ്ടു നെൽപ്പറകൾ. ഒന്ന് ഭഗവാനും ഒന്നു പള്ളിയോടക്കരക്കാർക്കും. 10 പള്ളിയോടങ്ങൾക്ക് സദ്യയുണ്ടായിരുന്നു. നിറപറയും നിലവിളക്കും പൂത്താലവും വെറ്റില - പുകയിലയും അഷ്ടമംഗല്യ വിളക്കും ആനക്കോട്ടലിൽ നിറഞ്ഞു. ആദ്യമായി ക്ഷേത്ര കടവിലേക്ക് തുഴഞ്ഞെത്തിയത് മേലുകര പള്ളിയോടം. പതിനൊന്നരയോടെ മന്ത്രി കെ.മുരളീധരനും പള്ളിയോട സേവാസംഘo ഭാരവാഹികളും വെറ്റിലപുകയില നൽകി പള്ളിയോടത്തെ ക്ഷേത്ര കടവിൽ നിന്ന് സ്വീകരിച്ചു. വഞ്ചിപ്പാട്ടും പൂത്താലവും അഷ്ടമംഗല്യവിളക്കും നാദസ്വരവും മുത്തുക്കുടകളുമായി ക്ഷേത്രമുറ്റത്തേക്ക്. വഞ്ചിപ്പാട്ടും പാടി വലംവെച്ച് ആനക്കൊട്ടിൽ എത്തി. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മേൽശാന്തി ദീപം പള്ളിയോട സേവാസംഘം ഭാരവാഹികൾക്ക് കൈമാറി. തുടർന്ന് മന്ത്രി മുരളീധരൻ ഭദ്രദീപം തെളിയിച്ചു. വഴിപാട് വള്ളസദ്യകൾ സദ്യാലയത്തിൽ ആരംഭിച്ചു. വഞ്ചിപ്പാട്ടിന്റെ ഈരടികളാൽ ക്ഷേത്രമതിൽക്കകം മുഖരിതമായി. പടിഞ്ഞാറേ ഊട്ടുപുരയിൽ വിശിഷ്ടാതിഥികൾക്ക് സദ്യ ഒരുക്കി. കരനാഥന്മാർക്കും പള്ളിയോട പ്രതിനിധികൾക്കും വിനായക ഓഡിറ്റോറിയത്തിലായിരുന്നു സദ്യ. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സദ്യ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്നു. വള്ളസദ്യ വഴിപാടിൽ പങ്കെടുക്കുവാൻ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, പിന്നണി ഗായകൻ ജി.വേണുഗോപാൽ എന്നിവർ എത്തിയിരുന്നു.
ഇന്ന് ഏഴ് പള്ളിയോടങ്ങൾക്ക് സദ്യ
ഇന്ന് മേലുകര, മംഗലം, തെക്കേമുറി, തൈമറവുംകര, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, തെക്കേമുറി കിഴക്ക് പള്ളിയോടങ്ങൾക്കാണ് സദ്യ.
പമ്പയിൽ വെള്ളം കുറവ്
ആറന്മുള : പമ്പയിൽ വെള്ളം കുറഞ്ഞതിനാൽ ഇന്നലെ വള്ളസദ്യയ്ക്ക് എത്തിയ പള്ളിയോടങ്ങളിൽ ചിലത് നദിയുടെ അടിത്തട്ടിൽ ഉറച്ചു. പുതുക്കി പണിത ശേഷം ഇന്നലെ നീരണിഞ്ഞ ഇടശേരിമല പള്ളിയോടവും അകമ്പടിക്കെത്തിയ ചെറുകോൽ പള്ളിയോടവുമാണ് ക്ഷേത്രക്കടവിന് സമീപം നദിയിൽ ഉറച്ചത്. തുഴച്ചിൽകാർ ഇറങ്ങി പള്ളിയോടം വലിച്ച് വെള്ളം കൂടുതലുള്ള ഭാഗത്തേക്ക് മാറ്റി. തോട്ടപ്പുഴശേരി കരയോട് ചേർന്ന ഭാഗത്തുകൂടി മാത്രമേ പള്ളിയോടങ്ങൾക്ക് സുഗമമായി തുഴഞ്ഞു നീങ്ങാൻ കഴിയൂ. ഈ ഭാഗത്തു കൂടി തുഴഞ്ഞ് കിഴക്ക് നിക്ഷേപമാലി വരെ പോകാം. അവിടെ നിന്ന് തിരിഞ്ഞ് ക്ഷേത്രക്കടവിൽ എത്താൻ തടസമില്ല. സത്രക്കടവിൽ എത്തി തിരിഞ്ഞ് ആറന്മുള നെട്ടായത്തോട് ചേർന്ന് തുഴഞ്ഞാൽ വള്ളം ഉറയ്ക്കും. പമ്പയുടെ ഒഴുക്ക് അനുസരിച്ച് ഇടതുകരയിലൂടെ തുഴഞ്ഞ് സത്രകടവിൽ എത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |