
അട്ടത്തോട് , മഞ്ഞത്തോട് ആദിവാസി ഉന്നതികളിലെ
വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്
പെരുനാട് : കഴിഞ്ഞ 15 വർഷമായി എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയം നേടുന്ന പെരുനാട് പഞ്ചായത്തിലെ കിസുമം സ്കൂളിൽ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠനം ഭയാശങ്കകളോടെയാണ്. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ തകര ഷീറ്റ് മേൽക്കൂരയ്ക്ക് അടിയിൽ ഉരുകിയൊലിക്കുകയാണ് കുട്ടികൾ. വെയിലാകുമ്പോൾ തകര ഷീറ്റ് ചൂടായി ക്ലാസിലിരിക്കാൻ പോലും പറ്റാത്ത അവസ്ഥ. മഴയത്ത് വലിയ ശബ്ദവുമാണ്. ജനലിനും വാതിലിനും അടച്ചുറപ്പില്ലാത്ത കെട്ടിടമാണിത്. മലയോര മേഖലയിലെ ആദിവാസി - പിന്നാക്ക വിഭാഗങ്ങളിലുള്ള കുട്ടികളുടെ ഏക ആശ്രയമായ സ്കൂളിൽ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുണ്ട്.
ഏഴ് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടം
ഏഴ് പതിറ്റാണ്ടോളം പഴക്കമുണ്ട് കിസുമം സ്‌കൂളിലെ യു.പി ഹൈസ്കൂൾ കെട്ടിടത്തിന്. കല്ല് കൊണ്ടാണ് ചുവരുകൾ. സ്കൂളിലെ ഓഫീസ് റൂമും ലൈബ്രറിയും ഈ കെട്ടിടത്തിലാണ്. അടച്ചുറപ്പ് ഇല്ലാത്തതിനാൽ ഇഴജന്തുക്കളുടെ ശല്യമുണ്ട്. യു.പി ക്ലാസ് നടക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്തെ കോൺക്രീറ്റ് ഇടിഞ്ഞു തുടങ്ങിയിരിക്കുന്നു. പെൺകുട്ടികൾക്കായി രണ്ട് ശുചിമുറി മാത്രമാണുള്ളത്.
വിദ്യാർത്ഥികളുടെ ആവശ്യം
യു.പി, ഹൈസ്‌കൂൾ ക്ലാസ് മുറികളും ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, കൗൺസിലിംഗ് റൂം. വിവിധ ലാബുകൾ, ശുചിമുറികൾ എന്നിവ ഉൾക്കൊള്ളുന്ന തരത്തിൽ ബഹുനില കെട്ടിടം നിർമ്മിക്കണം.
സ്കൂളിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം : 182
അദ്ധ്യാപകരുടെ എണ്ണം : 22
പിന്നാക്കാവസ്ഥയിലുള്ള ധാരാളം കുട്ടികൾ പഠിക്കുന്ന സ്‌കൂളാണിത്. പ്രാഥമിക സൗകര്യങ്ങൾ പോലും അപര്യാപ്തമാണ്.
വിജേഷ്.വി
പ്രിൻസിപ്പൽ, കിസുമം സ്കൂൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |