SignIn
Kerala Kaumudi Online
Monday, 10 August 2026 3.38 AM IST

കുറ്റൂർ സംസ്ഥാനത്തെ മികച്ച കൃഷിഭവൻ : 5 ലക്ഷം രൂപയും പ്രശസ്തിപത്രവുമായി വി.വി.രാഘവൻ അവാർഡ് സ്വന്തമാക്കി

award
കുറ്റൂർ പഞ്ചായത്തിൽ ആരംഭിച്ച നാട്ടുവിപണിയുടെ ഉദ്ഘാടനം കൃഷി ഓഫിസർ താര മോഹൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവല്ല: കാർഷിക മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ വി.വി.രാഘവൻ അവാർഡ് കുറ്റൂർ കൃഷിഭവന് ലഭിച്ചു. സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള അവാർഡിനൊപ്പം 5ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. തരിശുനിലങ്ങളെ കൃഷിയോഗ്യമാക്കി പച്ചക്കറി,വാഴ,കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയുടെ കൃഷി വ്യാപിപ്പിച്ചതാണ് പ്രധാനനേട്ടം. ഉത്പാദനമേഖലയിൽ 25, മൂല്യവർദ്ധിത മേഖലയിൽ 3, സേവനമേഖലയിൽ 1 എന്നിങ്ങനെ 29കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് കൃഷി വിപുലപ്പെടുത്തി. കർഷകരുടെ നാടൻ ഉത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കാൻ നാട്ടുവിപണി ആരംഭിച്ചു. 8വർഷത്തോളം നിർജീവമായിരുന്ന കാർഷിക കർമസേനയെ പുനരുജ്ജീവിപ്പിച്ച് 'ഒരുമ' എന്ന പേരിൽ ബ്രാൻഡ് ചെയ്ത് സേവനങ്ങൾ കർഷകരിലേക്ക് എത്തിച്ചു. ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 48ലക്ഷം രൂപയുടെ പദ്ധതികൾ കർഷകർക്ക് പുതുതായി രൂപീകരിച്ചു. കർഷകർക്ക് സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കാനും സൗജന്യമായി സസ്യസുരക്ഷാ മരുന്നുകൾ നൽകുന്നതിനുമായി പ്ലാന്റ് ഹെൽത്ത്‌ ക്ലിനിക് സ്ഥാപിച്ചു. കൃഷിയിടത്തിൽ ഏതുസമയവും കൃഷിഓഫീസർ എത്തിച്ചേരുകയും സൗജന്യമായി മരുന്നുകളും വിത്തുകളും വിതരണം ചെയ്യുകയും ചെയ്യുന്നു.
ഫയലുകളും രേഖകളും കൃത്യമായും അടുക്കും ചിട്ടയോടുംകൂടി സൂക്ഷിക്കുന്നതിനും കൃഷിഭവന് അംഗീകാരം ലഭിച്ചു.കൃത്യമായ രേഖാസൂക്ഷിപ്പിന് ഓഡിറ്റ് വിഭാഗത്തിന്റെ പ്രത്യേക അഭിനന്ദനവും കുറ്റൂർ നേടിയെടുത്തു.
കൃഷിഓഫീസർ താര മോഹൻ നേതൃത്വം നൽകുന്ന ടീമിൽ കൃഷി അസിസ്റ്റന്റുമാരായ ബിന്ദു എ, സ്മിത ജേക്കബ്, ദീപിക എം.കെ എന്നിവരും പ്രവർത്തിക്കുന്നു.

കുറ്റൂർ ശർക്കരയ്ക്ക് കേരളഗ്രോ ബ്രാൻഡിംഗ്
കരിമ്പ് കർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് ശർക്കര വിപണനം ശക്തിപ്പെടുത്തി. ഒരു കൃഷിഭവൻ ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി ഇവിടുത്തെ ശർക്കരയ്ക്ക് വ്യാപക പ്രചാരണം നൽകി. വെൺപാല നാച്ചുറൽസ് എന്ന പേരിൽ ശർക്കര ബ്രാൻഡ് ചെയ്ത് കേരളഗ്രോ ബ്രാൻഡിംഗ് നേടി. കഴിഞ്ഞ ഓണം സീസണിൽ ജില്ലയിലെ വിവിധ കൃഷിഭവനുകൾക്ക് കുറ്റൂരിൽ നിന്ന് 14,500 കിലോ ശർക്കര വിതരണം ചെയ്തു.

സുമനസുകളും അദ്ധ്വാനശീലരുമായ കർഷകർക്കൊപ്പം നിന്ന് നടത്തിയ കൂട്ടായ പ്രവർത്തനവും പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയുമാണ് ഈ നേട്ടം സാദ്ധ്യമാക്കിയത്.
താര മോഹൻ
(കുറ്റൂർ കൃഷി ഓഫീസർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL