പത്തനംതിട്ട: ശബരിമലയിലെ സിനിമാ ഷൂട്ടിംഗിന്റെ അനുമതി സംബന്ധിച്ച് ദേവസ്വം ബോർഡിന്റെയും വകുപ്പ് മന്ത്രിയുടെയും വ്യത്യസ്ത നിലപാടുകൾക്കിടെ മോഹൻലാൽ നായകനാവുന്ന തരുൺമൂർത്തി ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് പമ്പയിൽ തുടങ്ങി. തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന പുതിയ ചിത്രമാണ് അതിമനോഹരം. ലൗലജൻ എന്ന പൊലീസ് സബ് ഇൻസ്‌പെക്ടറെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശബരിമയിലെ ഡ്യൂട്ടിക്കിടെ എസ്.ഐ തീർത്ഥാടകരെ നിയന്ത്രിക്കുന്ന രംഗത്തിന്റെ ചിത്രീകരണമാണ് ആദ്യ ദിവസം നടന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പക്ടറുടെ ഔദ്യോഗിക, വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് അവതരിപ്പിക്കുന്നത്. മീര ജാസ്മിനാണ് നായിക. ലാലുഅലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.. രതീഷ് രവിയുടേതാണ് തിരക്കഥ.
പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണത്തിന് ദേവസ്വം ബോർഡ് അനുകൂലമായിരുന്നു. ദേവസ്വം മന്ത്രി കെ.മുരളീധരൻ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ അനുമതി നൽകിയില്ല.
പമ്പ, നിലയ്ക്കൽ ഭാഗങ്ങളിലാണ് ചിത്രീകരണം നടത്തുന്നത്. ഇതിന് റാന്നി വനം ഡിവിഷന്റെ അനുമതിയുണ്ട്. സന്നിധാനത്തും ചിത്രീകരണത്തിനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |