
പത്തനംതിട്ട : പൊൻകതിരുകളുടെ ശോഭയുമായി ചിങ്ങം പിറന്നെങ്കിലും ഇത്തവണത്തെ ഓണത്തിന് പുന്നെല്ലിൻ അരികൊണ്ടുള്ള ചോറ് ഉണ്ണാൻ കഴിയില്ല. കടുത്ത വേനലിൽ കൃഷി വൈകിയതിന് പിന്നാലെ മിന്നൽ പ്രളയത്തിൽ നെൽച്ചെടികൾ നശിച്ചുപോയതാണ് പ്രതിസന്ധിക്ക് കാരണം. ഓണത്തിന് നെല്ല് കൊയ്തെടുത്ത് കുത്തരി ചോറുണ്ണുക എന്നത് പഴയകാലത്തെ പതിവായിരുന്നു. കർക്കടകം കഴിഞ്ഞ് ചിങ്ങം പിറക്കുമ്പോൾ പുതിയ കതിരുകൾ കൊയ്യാനും പുതുവത്സരം ആഘോഷിക്കാനുമുള്ള കർഷകരുടെ സ്വപനങ്ങളാണ് ഇത്തവണ വെള്ളത്തിൽ പൊലിഞ്ഞത്.
അപ്പർകുട്ടനാട് മേഖലയുടെ ഭാഗമായ തിരുവല്ല, ആറൻമുള, വള്ളിക്കോട്, കൊടുമൺ , പന്തളം, കോഴഞ്ചേരി, അടൂർ തുടങ്ങിയ പ്രദേശങ്ങൾ ജില്ലയുടെ നെല്ലറയാണ്. ചിങ്ങ കൊയ്ത്ത് ലക്ഷ്യമിട്ട് ഇത്തവണ വിവിധ പാടശേഖരങ്ങളിലായി പന്ത്രണ്ട് ഹെക്ടറോളം സ്ഥലത്ത് നെൽകൃഷി ഇറക്കിയിരുന്നെങ്കിലും ഇവയെല്ലാം വെള്ളപ്പൊക്കത്തിൽ നശിച്ചു. അടൂർ, ഏനാത്ത് പാടശേഖരങ്ങളിൽ വെള്ളപ്പൊക്കം നാശം വിതച്ചില്ലെങ്കിലും വൈകി കൃഷി ഇറക്കിയതിനാൽ ചിങ്ങത്തിൽ കൊയ്ത്ത് നടക്കില്ല.
ജില്ലയിലെ ഇത്തവണത്തെ ചിങ്ങക്കൃഷി : 11.24 ഹെക്ടർ.
കൃഷി ഇറക്കിയിരുന്ന പാടശേഖരങ്ങൾ : 7 എണ്ണം
ചിങ്ങക്കൃഷിയിലെ നഷ്ടം : 16.86 ലക്ഷം രൂപ.
അശാസ്ത്രീയം
കത്തിയെരിയുന്ന വേനലും കാലംതെറ്റി പെയ്യുന്ന മഴയുമാണ് കർഷകരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നത്. വേനലിൽ വെള്ളം എത്തിക്കുന്നതിനും മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നതിനും ഇപ്പോഴും ശാസ്ത്രീയ സംവിധാനങ്ങളില്ല. വർഷത്തിൽ മൂന്ന് തവണയാണ് ജില്ലയിലെ മിക്ക പാടശേഖരങ്ങളിലും നെൽക്കൃഷി ഇറക്കുന്നത്. കഴിഞ്ഞ മുണ്ടകൻ കൃഷിക്കും മകര കൃഷിക്കും നല്ല വിളവ് ലഭിച്ചിരുന്നു. ഈ നെല്ല് സപ്ളൈക്കോയും വിവിധ മില്ലുകളും സംഭരിക്കുകയും ചെയ്തു.
അരിവില കുതിക്കുന്നു
പ്രതികൂലകാലാവസ്ഥയും അധികൃതരുടെ അനാസ്ഥയും കാരണം ജില്ലയിലെ നെൽപ്പാടങ്ങളും തരിശാകുകയാണ്. നാട്ടിൽ നെല്ലിന് ക്ഷാമം നേരിടാൻ തുടങ്ങിയതോടെ കുത്തരി വിലയും വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 42 രൂപയായിരുന്ന പാലക്കാടൻ മട്ട അരിക്ക് ഇപ്പോൾ 60 രൂപയാണ് വില. പത്തനംതിട്ട ജില്ലക്കാർ കൂടുതലും ഉപയോഗിക്കുന്നത് മട്ട അരിയാണ്. ആന്ധ്ര, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇപ്പോൾ കൂടുതലായും മട്ട അരി എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |