
പത്തനംതിട്ട : അരിവിപണിയിലെ പൊരിയുന്ന വില തടുക്കാൻ കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും വിപണിയിലെത്തും. സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്ന വിധം അരി വില കൂടുന്ന സാഹചര്യത്തിലാണ് ഭാരത് അരി വീണ്ടും വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഭാരത് അരി വലിയ തോതിൽ വിറ്റഴിച്ചിരുന്നു. വിലക്കുറവിൽ നല്ല അരി ലഭിച്ചതിനാൽ ആവശ്യക്കാർ കൂടുകയുണ്ടായി. എന്നാൽ, അരി മാർക്കറ്റിലെ മൊത്തക്കച്ചവടക്കാർ ഭാരത് അരി കടകളിൽ ഇറക്കി വയ്ക്കാൻ വിസമ്മതിച്ചു. അതേസമയം, വിപണിയിലെ മറ്റ് ബ്രാൻഡ് അരികൾക്ക് അൽപ്പം വില കുറയ്ക്കുകയും ചെയ്തിരുന്നു. ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ അരി ലോബികളുടെ തന്ത്രമായിരുന്നു ഇതെന്ന് പറയപ്പെടുന്നു.
എന്നാൽ, ആവശ്യമനുസരിച്ച് ഭാരത് അരി വിപിണിയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രധാന നഗരങ്ങളിൽ വാഹനങ്ങളിൽ വച്ചായിരുന്നു ഭാരത് അരി വിതരണം ചെയ്തിരുന്നത്. കേന്ദ്രഭരണ കക്ഷിയായ ബി.ജെ.പി ഭാരത് അരിക്ക് വലിയ പ്രചാരം നൽകുകയും ചെയ്തതോടെ, അരി വാങ്ങാൻ ആളുകൾ തിങ്ങിക്കൂടിയിരുന്നു. പിന്നീട് അരി കിട്ടാതായി.
ഇത്തവണ ഓണം മുതലാക്കി പൊതു വിപണിയിലെ അരിക്ക് കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു മുതൽ അഞ്ച് രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. വില പിടിച്ചുനിറുത്താൻ സർക്കാർ ഇടപെൽ ഇല്ലെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് ഭാരത് അരി സംസ്ഥാനത്ത് വിൽപ്പന നടത്താൻ കേന്ദ്ര ഏജൻസികൾ തയ്യാറെടുക്കുന്നത്.
അരിയിലുണ്ട് രാഷ്ട്രീയം
സംസ്ഥാനത്ത് ഭാരത് അരി എത്തിച്ച് വിപണം നടത്തിയത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബി.ജെ.പിക്കുവേണ്ടിയുള്ള പ്രചരണത്തിന്റെ ഭാഗമായിരുന്നുവെന്നും വിമർശനങ്ങളുണ്ടായി. തിരഞ്ഞെടുപ്പിന് ശേഷം ഭാരത് അരി ലഭിച്ചില്ല. ഗ്രാമങ്ങൾ തോറും ഭാരത് അരി വിൽപ്പനയ്ക്ക് കടകർ തുറക്കണമെന്ന് ബി.ജെ.പിക്കുള്ളിൽ ഇപ്പോൾ അഭിപ്രായം ഉയർന്നിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ
ഈ മാസം ഭാരത് അരി എത്തിയേക്കും.
പൊതു വിപണിയിലെ അരിക്ക് 10ശതമാനം വില ഉയർന്നു.
ഭാരത് അരിവില കിലോയ്ക്ക് : 35രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |