
പത്തനംതിട്ട: എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയന്റെയും 54 ശാഖായോഗങ്ങളുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പത്തനംതിട്ട നഗരത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്ത്രി ഘോഷയാത്ര ഭക്തിസാന്ദ്രമായി. പീതാംബരധാരികളായ നൂറുകണക്കിന് ശ്രീനാരായണീയർ പീതപതാകയും പീത വർണ്ണക്കുടകളുമേന്തി ഘോഷയാത്രയിൽ പങ്കെടുത്തു. ബാന്റു മേളം, ചെണ്ടമേളം, നാടൻ കലാരുപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ഫ്‌ളോട്ടുകൾ എന്നിവയും ഘോഷയാത്രയെ വർണ്ണാഭമാക്കി.
പത്തനംതിട്ട സ്‌റ്റേഡിയം ജംഗ്ഷനിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചതോടെ ജനസഞ്ചയത്തിന്റെ ബാഹുല്യം കാരണം നഗരം നിശ്ചലമായി. ഘോഷയാത്ര പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്നു നടന്ന ജയന്തി സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർവെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി ചതയദിന സന്ദേശം നൽകി. എം.എൽ.എ മാരായ അഡ്വ.അബിൻ വർക്കി, അഡ്വ.പഴകുളം മധു, അഡ്വ.സി.വി.ശാന്തകുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും എം.എൽ.എമാർ നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ, നഗരസഭാ കൗൺസിലർ എ.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിലർമാരായ പി.സലിംകുമാർ, ജി.സോമനാഥൻ, പി.കെ.പ്രസന്ന കുമാർ, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് കോഓർഡിനേറ്റർ കെ.ആർ.സലിലനാഥ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ സ്വാഗതവും യോഗം അസി.സെക്രട്ടറി റ്റി.പി.സുന്ദരേശൻ നന്ദിയും പറഞ്ഞു.
എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനാവില്ല : തുഷാർ വെള്ളാപ്പള്ളി
പത്തനംതിട്ട: മൂന്നു പതിറ്റാണ്ടുകാലം നേതാവില്ലാത്ത പ്രസ്ഥാനമെന്ന് മറ്റുള്ളവർ കളിയാക്കിയിരുന്ന എസ്.എൻ.ഡി.പി യോഗത്തെ ഇന്നുകാണുന്ന നിലയിലേക്ക് വളർത്തിയത് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയന്റെയും 54 ശാഖായോഗങ്ങളുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്ത്രി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ദുർബലപ്പെടുത്താനാണ് ചില ഛിദ്ര ശക്തികൾ ശ്രമിക്കുന്നത്. ഇവർ കള്ളക്കേസുകൾ നൽകിയും അപവാദ പ്രചരണങ്ങൾ നടത്തിയുംയോഗത്തെ തകർക്കാൻ ശ്രമിക്കുകയാണ്. യോഗത്തിന്റെ ഇന്നത്തെ കെട്ടുറപ്പും ശക്തിയും പ്രവർത്തകരുടെ സംഘടനാ ശേഷിയും ഇത്തരക്കാരുടെ ശ്രമങ്ങൾ പരാജയപ്പെടുത്തി സംഘടനയെ കൂടുതൽ കരുത്തോടെ മുന്നോട്ടു നയിക്കുമെന്ന് തുഷാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |