
ആറന്മുള: ഉത്രട്ടാതി ജലമേളയിലെ ഏറ്റവും വിലപിടിപ്പുള്ള ആർ.ശങ്കർ സുവർണ ട്രോഫി ചെന്നിത്തല പള്ളിയോടം കരസ്ഥമാക്കി. 23 പവൻ സ്വർണ്ണത്തിൽ നിർമ്മിച്ച ട്രോഫി എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു പള്ളിയോട ക്യാപ്റ്റൻ എസ്.സുധീഷ് കുമാറിന് കൈമാറി. ഇത് മൂന്നാംതവണയാണ് ആർ.ശങ്കർ സുവർണട്രോഫി ചെന്നിത്തല നേടുന്നത്. ഇതിനു മുൻപ് 2011ലും 2014ലുമാണ് ചെന്നിത്തല പള്ളിയോടം ആർ.ശങ്കർ ട്രോഫിയിൽ മുത്തമിട്ടിട്ടുള്ളത്.
അച്ചൻകോവിൽ, കുട്ടമ്പേരൂർ, പമ്പ എന്നീ മൂന്നു നദികൾ പിന്നിട്ടാണ് ചെന്നിത്തല പള്ളിയോടം ഉത്രട്ടാതി ജലമേളയ്ക്ക് എത്തുന്നത്. ജലമേളയിൽ കൂടുതൽ ദുരം 80 കിലോമീറ്റർ താണ്ടിയെത്തുന്ന പള്ളിയോടവും ചെന്നിത്തലയാണ്.
ഓണാട്ടുകരയും ആറന്മുളയും ചേരുന്ന കലാ, സാംസ്‌കാരിക പൈതൃകത്തനിമ മുറുകെപ്പിടിച്ചെത്തുന്ന പള്ളിയോടത്തിന് ആർ.ശങ്കർ ട്രോഫി അർഹതയ്ക്കുള്ള അംഗീകാരം കൂടിയാണ്.
93-ാനമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലാണ് പള്ളിയോടം. 2010ൽ ചങ്ങനാശ്ശേരി ആചാരിയുടെ കരവിരുതിൽ പുതുക്കിപ്പണിത് അച്ചൻകോവിലാറ്റിൽ നീരണഞ്ഞു. കഴിഞ്ഞ വർഷം അയ്യർ സന്തോഷ് ആചാരിയുടെ കരവിരുതിൽ നവീകരിച്ചശേഷമാണ് ഇക്കുറി ജലോത്സവത്തിനെത്തിയത്.
ആറന്മുള ജലമേളയിൽ 1976, 1999 എന്നീ വർഷങ്ങളിൽ രണ്ടാം സ്ഥാനവും 2019ൽ മൂന്നാം സ്ഥാനവും, 2023ൽ നാല്, 2024 അഞ്ച് സ്ഥാനങ്ങളും നേടിയിട്ടുണ്ട്. 17 അടിയുള്ള അമരം 5 ഭാഗങ്ങളായി നിർമ്മിക്കേണ്ടിവന്ന പള്ളിയോടമാണ് ചെന്നിത്തല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |