SignIn
Kerala Kaumudi Online
Monday, 31 August 2026 12.57 AM IST

ആലുവയിലെ കൽവർട്ട് നിർമ്മാണം പാതിവഴിയിൽ

road
ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശം മാർക്കറ്റ് റോഡ് കൽവർട്ട് നിർമ്മാണം നിലച്ച നിലയിൽ

ആലുവ: സ്വകാര്യ ബസ്‌ സ്റ്റാൻഡിന് മുന്നിലെ കൽവർട്ട് നിർമ്മാണം പാതിവഴിയിൽ നിലച്ചതിനെ തുടർന്ന് യാത്രക്കാരും പ്രദേശവാസികളും ദുരിതത്തിൽ. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ മൂന്ന് മാസം മുമ്പ് ആരംഭിച്ച നിർമ്മാണമാണ് പൂർത്തിയാക്കാത്തത്.

കുന്നുംപുറം ഭാഗത്ത് നിന്ന് വരുന്ന പൊതുകാന സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശത്തെ റോഡിന് അടിയിലൂടെയാണ് പെരിയാറിലേക്ക് ഒഴുകുന്നത്. ഇവിടെ മാലിന്യം നിറഞ്ഞ് റോഡിൽ രൂക്ഷമായ വെള്ളക്കെട്ടും വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നതും പതിവായതോടെയാണ് നഗരസഭ കാന നവീകരണം ആരംഭിച്ചത്. റോഡിന് കുറുകെയുള്ള ഭാഗത്തെ കലുങ്കിന്റെ നിർമ്മാണം പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തിലായിരുന്നു. ഇവിടെ കാന നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ഇരുവശവും കോൺക്രീറ്റ് കട്ടകൾ വിരിക്കാത്തതിനാൽ അപകടക്കെണിയായി മാറി. കോൺക്രീറ്റ് ചെയ്ത ഭാഗം ഉയർന്ന് നിൽക്കുന്നതിനാൽ ചെറിയ വാഹനങ്ങളുടെ അടിവശം കോൺക്രീറ്റിൽ തട്ടുന്ന അവസ്ഥയാണ്. മഴസമയത്ത് കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് പലപ്പോഴും വാഹനങ്ങൾ തെന്നിമറിയാനും ഇടയാക്കുന്നു. ചിലപ്പോൾ പിന്നിൽ വരുന്ന വാഹനം മറ്റ് വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്യും.

ബസ് സ്റ്റാൻഡ് ഭാഗത്ത് നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കാന നവീകരണവും നിലച്ചിരിക്കുകയാണ്.

ബ്രിഡ്ജ് റോഡിൽ ബൈപ്പാസ് മുതൽ ബാങ്ക് കവല വരെ ഭൂഗർഭ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ കുഴിയെടുത്ത ഭാഗത്ത് കോൺക്രീറ്റ് കട്ടകൾ വിരിക്കാൻ കരാറെടുത്തവരാണ് ബസ് സ്റ്റാൻഡ് ഭാഗത്തെ കൽവർട്ടിന്റെയും കട്ടകൾ സ്ഥാപിക്കുന്നത്. ഓണത്തിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ബ്രിഡ്ജ് റോഡിലെ വ്യാപാരികൾ പ്രതിഷേധിച്ചപ്പോൾ ഭാഗികമായി പൂർത്തിയാക്കി. കൽവെർട്ടിന്റെ ഭാഗത്ത് ചെറിയ പണികൾ മാത്രമേ പൂർത്തിയാകാനുള്ളൂ. ഇതിനാവശ്യമായ നിർമ്മാണ സാമഗ്രികൾ ഇറക്കിയിട്ടിട്ട് മാസങ്ങളാകുന്നു.

കൽവർട്ട് നിർമ്മാണം വേഗം പൂർത്തിയാക്കാൻ പി.ഡബ്ല്യു.ഡിയോട് ആവശ്യപ്പെടും. വൈകുന്നത് വാഹനയാത്രികർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ബോദ്ധ്യമായിട്ടുണ്ട്. അടിയന്തരമായി പരിഹരിക്കും

സൈജി ജോളി

ചെയർപേഴ്സൺ,

ആലുവ നഗരസഭ

കൽവർട്ട് നിർമ്മാണം പൂർത്തിയാക്കാതെ പി.ഡബ്ല്യു.ഡി അനാസ്ഥ കാണിക്കുകയാണ്. ഇക്കാര്യത്തിൽ നഗരസഭ അധികൃതർ ഇടപെടണം. ഇല്ലാത്തപക്ഷം പ്രത്യക്ഷ സമരം ആരംഭിക്കും

എസ്.എ. രാജൻ,

പ്രസിഡന്റ്,

കെ.വി.വി.ഇ.എസ്

ആലുവ യൂണിറ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TRAFFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL