തിരുവല്ല : ആത്മബോധത്തിന്റെ നിറപുഞ്ചിരിയുമായി ആത്മീയ – സാമൂഹിക ജീവിതത്തിൽ നിറഞ്ഞുനിന്ന സ്വാമി ഗോലോകാനന്ദജി മഹാരാജിന്റെ ഓർമ്മകൾ തിരുവല്ലയ്ക്ക് മറക്കാനാകില്ല. 2008ൽ സ്വാമി സമഗ്രാനന്ദജിയുടെ പിൻഗാമിയായാണ് ഗോലോകാനന്ദ സ്വാമി തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റത്.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സ്നേഹത്തോടെ സ്വീകരിച്ചു ഹൃദയത്തിൽ ഇടംനേടിയ ആ സന്യാസിവര്യന്റെ വിയോഗം ശ്രീവല്ലഭപുരിയെ നൊമ്പരത്തിലാക്കി. ആശ്രമത്തിലെത്തുന്നവർക്ക് പ്രസാദം നൽകി വാത്സല്യത്തോടെ യാത്രയാക്കുന്ന സ്വാമിയുടെ സ്നേഹപൂർവമായ സമീപനം ഇന്നും ഏവരും ഓർക്കുന്നു. ഞായറാഴ്ചകളിലെ ആത്മീയ ക്ലാസുകളും പ്രഭാഷണങ്ങളും കുട്ടികൾക്കൊപ്പമുള്ള ചെസ്, കാരംസ് കളികളും സ്വാമിജിയെ വ്യത്യസ്തനാക്കി. പുതിയ ചുമതലകളുമായി തിരുവനന്തപുരത്തേക്ക് പോയ ശേഷവും തിരുവല്ലയുമായുള്ള ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. 2009ലെ വിശ്വമംഗള ഗോഗ്രാമയാത്രയ്ക്ക് നേതൃത്വം നൽകിയതിലൂടെയും സ്വാമിജി ഈ നാടിന്റെ വിശ്വാസി സമൂഹവുമായി കൂടുതൽ അടുത്തു.
1933 മാർച്ച് 25ന് ആറന്മുളയിലെ കിടങ്ങന്നൂർ തോമ്പിൽ കുടുംബത്തിൽ നാരായണൻകുട്ടിയായി ജനിച്ച അദ്ദേഹം സിവിൽ എൻജിനീയറിംഗ് പഠനശേഷമാണ് ആത്മീയപാത തിരഞ്ഞെടുത്തത്. കലാവല്ലഭന്റെയും ആറന്മുളേശന്റെയും ഉത്സവകാലവും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. 1953 - 54 കാലഘട്ടത്തിൽ രാമകൃഷ്ണ മഠത്തിൽ ബ്രഹ്മചാരിയായി ചേർന്ന അദ്ദേഹം 1963ൽ ഗോലോകാനന്ദ എന്ന നാമത്തിൽ സന്യാസം സ്വീകരിച്ചു.
മദ്രാസ്, തിരുവനന്തപുരം, കോഴിക്കോട്, കൊയിലാണ്ടി, ഹരിപ്പാട് തുടങ്ങിയ ഇടങ്ങളിലെ ശ്രീരാമകൃഷ്ണ മഠങ്ങളുടെയും ആശ്രമങ്ങളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സ്വാമിജി ആത്മീയതയ്ക്കൊപ്പം വിദ്യാഭ്യാസ, സാമൂഹിക, ഗ്രാമീണ സേവനരംഗങ്ങളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി. കുട്ടികൾക്ക് സ്നേഹത്തിന്റെ സ്വാമിയും തിരുവല്ലയ്ക്ക് ആത്മീയ പ്രകാശവുമായിരുന്നു ഗോലോകാനന്ദജി മഹാരാജ്. ആ പുഞ്ചിരിക്കുന്ന മുഖം കലാവല്ലഭന്റെ മണ്ണിന് ഒരിക്കലും വിസ്മരിക്കാനാവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |