SignIn
Kerala Kaumudi Online
Thursday, 03 September 2026 3.28 AM IST

പാമ്പിനിയിലെ ജലസംഭരണികളിൽ മലിനജലം, കിണറുകൾ മലിനമാക്കി കാരികയം അണക്കെട്ട്

karikayam

ചിറ്റാർ : പാമ്പിനിയിൽ കാരികയം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ വീടുകളി​ലെ കിണർ വെള്ളം ഒരു കൈയകലത്തിൽ നിന്ന് കോരിയെടുക്കാം. വരൾച്ചയിലും വെള്ളപ്പൊക്കത്തിലും കിണറുകൾ ജലസമൃദ്ധമാണ്. വനപ്രദേശമായതുകൊണ്ട് പാറക്കെട്ടുകളിൽ നിന്ന് ഉൗറിയെത്തുന്ന തെളിനീരാണെന്ന് കരുതണ്ട.

അണക്കെട്ടിനായി​​ പലഘട്ടങ്ങളിൽ തടഞ്ഞുനിറുത്തുകയും തിരിച്ചുവിടുകയും ചെയ്യുന്ന കക്കാട്ടാറിലെ വെള്ളം ചെളി കലർന്ന് മലിനമായി ഉറവയായി​ കിണറുകളിൽ നിറയുകയാണ്. ദുർഗന്ധവുമുണ്ട്. പാമ്പിനിയിൽ കാരികയം ഡാമിന്റെ ജലസംഭരണിയോട് ചേർന്നുള്ള വീട്ടുകാർ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. രോഗം ഭയന്ന് കഴിയുന്ന ഇവരുടെ കിണർ വെള്ളം അധികൃതർ പരിശോധിച്ചി​ട്ടില്ല. 2018ലെ പ്രളയ ശേഷമാണ് വെള്ളത്തിന് രുചിവ്യത്യാസവും ദുർഗന്ധവുമുണ്ടായതെന്ന് പാമ്പിനി രജനി നിലയത്തിൽ രാജമ്മ പറയുന്നു. അന്ന് അണക്കെട്ടുകൾ തുറന്നുവിട്ടെങ്കിലും അടച്ചശേഷം കെട്ടിനിൽക്കുന്ന വെള്ളം കിണറുകളെ മലിനമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് പതിമൂന്ന് വീട‌ുകളുണ്ട്.

മലിനജലത്തിൽ...

ആദിവാസി, പട്ടിക വിഭാഗങ്ങൾ താമസിക്കുന്ന വീട‌ുകളിലെ കുട്ടികളും മുതിർന്നവരും കുളിക്കാൻ ജലസംഭരണികളുടെ കടവുകളിലാണ് ഇറങ്ങുന്നത്. മലിനവെള്ളത്തിൽ കുളിക്കുന്നത് മൂലമുളള ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ബോധമുള്ളവരല്ല താമസക്കാരിലധികവും. മുതിർന്നവർക്കും കുട്ടികൾക്കും വൈറൽ പനി തുടർച്ചയായി ബാധിക്കുന്നുണ്ട്.


പരിഹാരം

ജല സംഭരണികളുടെ അതിർത്തികളിൽ താമസിക്കുന്നവർക്ക് രോഗഭീതി ഒഴിവാക്കാൻ മൂന്ന് നിർദേശങ്ങൾ പരിസ്ഥിതി പ്രവർത്തകർ മുന്നാേട്ടുവയ്ക്കുന്നു.

1. അതിർത്തികളിലെ കിണർ നികത്തി നിശ്ചിത ദൂരത്തിൽ പുതിയ കിണർ ഡാം അധികൃതർ നിർമ്മിച്ച് നൽകുക.

2. വീ‌ടുകളിൽ വാട്ടർ പ്യൂരിഫയർ മെഷീനുകൾ ഡാം അധികൃതർ സൗജന്യമായി നൽകണം.

3. അണക്കെട്ടുകളിലെ വെള്ളം ഇടയ്ക്കിടെ ചെറിയ തോതിലെങ്കിലും തുറന്നുവിടണം.

'' സംഭരണികളുടെ അതിർത്തികല്ലുകളോട് ചേർന്ന വീടുകളിലെ കിണർ വെള്ളമാണ് വലിയ തോതിൽ മലിനപ്പട്ടത്. പ്രദേശത്ത് ഭൂഗർഭ ജലവകുപ്പും ആരോഗ്യവകുപ്പും അടിയന്തരമായി പരിശോധന നടത്തണം.

പ്രേംജിത്ത് ലാൽ, പരിസ്ഥിതി പ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL