
ആറ്റിങ്ങൽ: ആറ്റിങ്ങൽ കിഴക്കേനാലുമുക്കിലെത്തിയാൽ കാൽനടയാത്രക്കാരൻ പെട്ടതുതന്നെ.റോഡ് മുറിച്ചു കടക്കാനാണീ പെടാപ്പാട്.ജനത്തിരക്കേറിയ ഇവിടെ ഫൂട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കുമെന്ന് പറഞ്ഞിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു.
രണ്ട് ബസ് സ്റ്റാൻഡുകൾക്കിടയിൽ പത്തോളം ഇടങ്ങളിൽ സീബ്രാ ലൈനുകളുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടാൽ ദേശീയപാതയിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ അപകടകരമായാണ് വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കുന്നത്.
കിഴക്കേനാലുമുക്കിൽ രണ്ട് ബസ് സ്റ്റാൻഡ്,ഗവൺമെന്റ് കോളേജ്,ഹയർ സെക്കൻഡറി സ്കൂൾ,ജില്ലാ വിദ്യാഭ്യാസ ഓഫീസ് നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ഓട്ടോ ടാക്സി സ്റ്റാൻഡുകൾ,കച്ചവട സ്ഥാപനങ്ങൾ എന്നിവയിലേക്ക് നിത്യവും ആയിരങ്ങളാണ് വന്ന് പോകുന്നത്.ട്രഷറിയുടെ മുന്നിൽ മിനി സിവിൽ സ്റ്റേഷൻ,കോർട്ട് കോംപ്ലക്സ്,പാസ്പോർട്ട് ഓഫീസ്,കെ.എസ്.ഇ.ബി ഓഫീസ്,അഭിഭാഷകരുടെ ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. രണ്ടിടങ്ങളിലും ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിച്ചാൽ ഗതാഗതം സുഗമമാക്കാം.എത്രയും വേഗം രണ്ടിടങ്ങളിലും ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്ഥിരം അപകട മേഖല
വർഷം 10 കഴിഞ്ഞിട്ടും
ആറ്റിങ്ങൽ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആറ്റിങ്ങൽ കിഴക്കേനാലുമുക്കിലും,സബ് ട്രഷറിയുടെ മുന്നിലുമായി രണ്ട് ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കുമെന്ന് മുൻ എം.എൽ.എ സത്യൻ പ്രഖ്യാപിച്ചിരുന്നു.എന്നാൽ 10വർഷം കഴിഞ്ഞിട്ടും തുടർനടപടികളുണ്ടായില്ല
വിദ്യാർത്ഥികൾക്കും പറയാനുണ്ട്
സ്കൂൾ സമയങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണിവിടെ റോഡ് മുറിച്ചു കടക്കുന്നത്.ഇവിടെ ട്രാഫിക്ക് സിഗ്നലും പ്രവർത്തിക്കുന്നില്ല.ആകെ ഒരു ട്രാഫിക്ക് വാർഡൻ മാത്രമാണുള്ളത്.അതും രാവിലെ മാത്രം.ഉച്ചകഴിഞ്ഞാൽ അതുമില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.ഗതാഗതക്കുരുക്കിൽ കുരുങ്ങി - ആംബുലൻസുകൾ ഉൾപ്പെടെ മണിക്കൂറുകളോളമാണ് കാത്തുകിടക്കുന്നത്.
ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ അടിയന്തരമായി ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കാനും പട്ടണത്തിൽ വേണ്ടിടത്ത് സിഗ്നൽ ലൈറ്റുകൾ പുനഃസ്ഥാപിക്കാനും നടപടിയെടുക്കണം.
പി.വി.ജോയി,മുൻ ആർ.ഡി.സി ചെയർമാൻ,വർക്കല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |