SignIn
Kerala Kaumudi Online
Monday, 13 July 2026 3.34 AM IST

തട്ടുകടകൾക്കായി വെൻഡിംഗ് സോണുകൾ

തിരുവനന്തപുരം: നഗരത്തിൽ തിരക്കേറിയ ഭാഗങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്ന അനധികൃത തട്ടുകടകളെ വെൻഡിംഗ് സോണുകളിലേക്ക് (പ്രത്യേക വ്യാപാര മേഖല) മാറ്റാനുള്ള നടപടിയുമായി നഗരസഭ. തെരുവ് കച്ചവടം കൂടുതൽ ക്രമപ്പെടുത്താൻ വെൻഡിംഗ് സോണുകളും നോൺ-വെൻഡിംഗ് സോണുകളും നിശ്ചയിക്കുന്ന നടപടികൾ കോർപ്പറേഷൻ വേഗത്തിലാക്കി. നഗരത്തിൽ നിലവിൽ ഏകദേശം 2,800 ലൈസൻസുള്ള തെരുവ് കച്ചവടക്കാരാണ് ഉള്ളത്. ഇവരുടെ ഉപജീവനം സംരക്ഷിച്ചുകൊണ്ടായിരിക്കും പദ്ധതി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവരെയും നിയമാനുസൃത വെൻഡിംഗ് സോണുകളിലേക്ക് മാറ്റാനാണ് കോർപ്പറേഷന്റെ തീരുമാനം. വെൻഡിംഗ് സോണുകൾ പ്രഖ്യാപിക്കാതെ വ്യാപാരികളെ ഒഴിപ്പിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്നതിനാലാണ് ഘട്ടംഘട്ടമായി നടപടികൾ സ്വീകരിക്കുന്നത്.

നടപ്പാതകളും റോഡിന്റെ വശങ്ങളും കൈയേറി പ്രവർത്തിച്ചിരുന്ന തട്ടുകടകൾ ഗതാഗതക്കുരുക്കിനും കാൽനടയാത്രയ്ക്കും ബുദ്ധിമുട്ടായതോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ അവ പൊളിച്ചുനീക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാളയത്തെ അനധികൃത തട്ടുകടകൾ പൂർണമായും ഒഴിപ്പിച്ചിരുന്നു. നഗരസഭ,പൊലീസ്,ആരോഗ്യവിഭാഗം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.പാളയം യൂണിവേഴ്സിറ്റി കോളേജ് പരിസരം,വഴുതക്കാട് എന്നിവിടങ്ങളിൽ അനധികൃത കച്ചവടം വ്യാപകമായിരുന്നു.

പാളയത്തെ മാതൃകയാക്കി തമ്പാനൂർ,കിഴക്കേക്കോട്ട ചാല,പേട്ട,പട്ടം,മെഡിക്കൽ കോളേജ്, ഉള്ളൂർ,കഴക്കൂട്ടം ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന മേഖലകളിലും അനധികൃത തട്ടുകടകൾ നീക്കം ചെയ്യും.

റിപ്പോർട്ട് ഉടൻ

ക്ലീൻ സിറ്റി മാനേജർ,വാർഡ് കൗൺസിലർമാർ,ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ പരിശോധന നടത്തി വെൻഡിംഗ് സോണുകൾ നിർണയിക്കുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും സ്ഥലസൗകര്യം, പൊതുജനങ്ങളുടെ സഞ്ചാര സൗകര്യം,ഗതാഗതം തുടങ്ങിയവ പരിഗണിച്ച് റിപ്പോർട്ട് തയ്യാറാക്കി ടൗൺ വെൻഡിംഗ് കമ്മിറ്റിക്ക് നൽകും. കൗൺസിലിന്റെ അംഗീകാരത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനം നടപ്പാക്കു.

നടപടി വ്യാപിപ്പിക്കും

തട്ടുകടകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ഭാവി സംബന്ധിച്ച ആശങ്കയും ഉയരുന്നുണ്ട്. പകരം കച്ചവട കേന്ദ്രങ്ങൾ ഒരുക്കുകയോ ലൈസൻസോടുകൂടിയ പ്രത്യേക സ്ട്രീറ്റ് വെൻഡിംഗ് സോണുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് വ്യാപാരികളും വിവിധ സംഘടനകളും ആവശ്യപ്പെടുന്നത്.വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പരിശോധനയും ഒഴിപ്പിക്കലും വ്യാപിക്കുമെന്നാണ് അധികൃതർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL