ആറ്റിങ്ങൽ: സംരക്ഷണമില്ലാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്ക് നാശത്തിലേക്ക്. 2013ൽ സംസ്ഥാന ടൂറിസം വകുപ്പ് കഠിനംകുളം കായൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാമനപുരം നദിയുടെ തീരത്ത് കൊല്ലമ്പുഴയിൽ കുട്ടികൾക്കായി പാർക്ക് തുറന്നത്. ഉദ്ഘാടനത്തിനു ശേഷം ടൂറിസംവകുപ്പ്, പാർക്കിന്റെ നടത്തിപ്പ് ചുമതല ആറ്റിങ്ങൽ നഗരസഭയ്ക്ക് കൈമാറി.
2019ൽ പാർക്കിനുള്ളിൽ നഗരസഭ ഫണ്ടുപയോഗിച്ച് ഒരു ചരിത്രസ്മാരക കെട്ടിടവും മ്യൂസിയവും നിർമ്മിച്ചു. ആറ്റിങ്ങൽ പട്ടണത്തിൽ വിനോദത്തിനായി മറ്റൊരു സ്ഥലമില്ലാത്തതുകൊണ്ട് അവധി ദിവസങ്ങളിൽ കൊല്ലമ്പുഴ പാർക്കിൽ നിരവധിപ്പേരാണ് എത്തിയിരുന്നത്.
കളിയുപകരണങ്ങൾ തുരുമ്പെടുത്തു
പാർക്കിൽ സെക്യൂരിറ്റിയില്ലാത്തതിനാൽ രാത്രിയിൽ സാമുഹ്യവിരുദ്ധശല്യം രൂക്ഷമായിരുന്നു. തുടർന്ന് പാർക്ക് നഗരസഭ അടച്ചിട്ടു. 2024ൽ വീണ്ടും പാർക്ക് തുറന്നെങ്കിലും ഇവിടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മരച്ചുവടുകളിൽ ഇരിക്കാൻ മാത്രമേ പറ്റുമായിരുന്നുള്ളു. കളിയുപകരണങ്ങൾ തുരുമ്പെടുത്ത് നിലം പൊത്താറായ അവസ്ഥയിലായതിനാൽ കുട്ടികളെ അതിൽ കയറ്റാൻ കഴിയില്ലായിരുന്നു. ഒരു ഡസനോളം കളിക്കോപ്പോകൾ ഉണ്ടങ്കിലും നിലവിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
പുതിയ ആറ്റിങ്ങൽ ബൈപ്പാസിന്റെ ഒരു വശത്താണ് പാർക്ക് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് ഏറെ വികസന സാദ്ധ്യതയുമുണ്ട്. എത്രയും വേഗം പാർക്ക് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിലെ അവസ്ഥ
കളിക്കോപ്പുകൾ ഉപയോഗശൂന്യമായ നിലയിലാണ്. നടപ്പാതയിലെ ഇന്റെർലോക്ക് പൊളിഞ്ഞ് നടക്കാനാകാത്ത അവസ്ഥയിലാണ്. പാർക്കിനുള്ളിൽ ഭീഷണിയായി തെരുവ് നായ്ക്കളും നിറഞ്ഞിട്ടുണ്ട്.
പാർക്കിൽ പുതിയ കളിയുപകരണങ്ങൾ സ്ഥാപിക്കുക, ക്യാമറ സ്ഥാപിക്കുക, ബോട്ട് ജെട്ടി പുനഃസ്ഥാപിച്ച് ബോട്ടിംഗ് ആരംഭിക്കുക എന്നിവയാണ് നാട്ടുകാരുടെ ആവശ്യങ്ങൾ.
ആറ്റിങ്ങൽ നഗരസഭ പാർക്ക് എത്രയും വേഗം നവീകരിക്കണം. അതിന് കഴിഞ്ഞില്ലങ്കിൽ ടൂറിസം വകുപ്പിന് തിരിച്ചേൽപ്പിക്കണം
പ്രശാന്ത്.ആർ.എസ്, പ്രസിഡന്റ് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |