SignIn
Kerala Kaumudi Online
Monday, 13 July 2026 3.34 AM IST

കൃഷിയിടങ്ങളിൽ ചേക്കേറി വന്യമൃഗങ്ങൾ

photo1

പാലോട്: ജൈവകൃഷിക്ക് വേറിട്ട മാതൃകയും പ്രവർത്തനങ്ങളും കൊണ്ടുവന്ന് ജില്ലയിൽ തുടർച്ചയായി ജൈവകൃഷിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമമാണ് നന്ദിയോട്. എന്നാൽ,​ ഈ കൃഷികളുടെ എല്ലാം വിളവെടുക്കുന്നത് വന്യമൃഗങ്ങളാണെന്ന് മാത്രം. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം നിയന്ത്രണാതീതമായി തുടരുകയാണ്. സന്ധ്യയായാൽ കൃഷിയിടങ്ങൾ കാട്ടുപന്നി,ആന,മ്ലാവ്,കാട്ടുപോത്ത് എന്നിവയുടെ വിഹാര കേന്ദ്രമാകും. വിളകളെല്ലാം ഇവർ ചവിട്ടിമെതിക്കും. കൃഷിയിടത്തിലിറങ്ങുന്ന പന്നിക്കൂട്ടം റബർ,വാഴ,മരിച്ചീനി,പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിക്കും. പുലർച്ചെ റബർ ടാപ്പിംഗിനെത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുമുണ്ട്. ഞാറനീലി, ഇലഞ്ചിയം, പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരയായ സ്കൂൾ വിദ്യാർത്ഥികളും ഏറെയാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിൽ എത്തുന്നവരാണ് വന്യമൃഗ ആക്രമണത്തിൽ പെടുന്നത്.

പകൽപോലും പേടിക്കണം

ഭക്ഷണം തേടി നാട്ടിലേക്ക് എത്തുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്. കാലൻകാവ്, നാഗര, ഓട്ടുപാലം, പച്ച, വട്ടപ്പൻകാട്, കരിമ്പിൻകാല, സെന്റ് മേരീസ്, ഇടവം, പേരയം, ആനകുളം, തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ പോലും പന്നികൾ കൂട്ടത്തോടെയെത്തുന്നുണ്ട്. ഇവിടെ അറവുമാലിന്യം നിക്ഷേപിക്കുന്നത് ഭക്ഷിക്കാൻ കാട്ടുപന്നികൾ എത്തുന്നത് പതിവാണ്.

നന്ദിയോട് വിതുര റൂട്ടിൽ നവോദയ സ്കൂളിന് സമീപവും നാഗരയിലും വലിയതാന്നിമൂട് മുതൽ കുടവനാട് വരെയും അറവുമാലിന്യം സാമൂഹിക വിരുദ്ധർ തള്ളുന്നതിനാൽ പന്നികൾ കൂട്ടത്തോടെയാണ് ഇവിടെ എത്തുന്നത്. പന്നി ശല്യത്തിന് പുറമേ കുരങ്ങുകളും കൃഷി നശിപ്പിക്കുന്നുണ്ട്. അറവ്മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പന്നികൾ ഇവിടെ തമ്പടിച്ചത്. പൊതുസ്ഥലങ്ങളിൽ അറവ്മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL