
തിരുവനന്തപുരം: ഓമനിച്ചു വളർത്തിയ ലക്ഷങ്ങൾ വിലയുള്ള തത്തയെ തിരിച്ചുകിട്ടാൻ പത്രപ്പരസ്യം നൽകി യുവാവ്. കഴിഞ്ഞ ഒമ്പതുവർഷമായി കുറ്റിച്ചൽ മേലേമുക്ക് സ്വദേശി അനീഷ് വളർത്തിയിരുന്ന ഇന്തോനേഷ്യൻ കൊക്കട്ടൂ സ്‌പീഷീസായ ഗൊഫിൻസ് വിഭാഗത്തിൽപ്പെട്ട തത്തയെ ഈ മാസം 7നാണ് കാണാതായത്.
കുടുംബാംഗത്തെപ്പോലെ കണ്ടിരുന്ന തത്തയെ കാണാതായതിന്റെ ദുഃഖത്തിലാണ് പത്രത്തിൽ പരസ്യം നൽകിയതെന്ന് അനീഷ് പറയുന്നു. തത്തയെ കണ്ടെത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂട് അടയ്ക്കാൻ മറന്നതിനാൽ പറന്ന് പോയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പെട്ടെന്ന് ഇണങ്ങുന്ന ഇത്തരം തത്തകൾക്ക് മനുഷ്യരെപ്പോലെ ശബ്ദങ്ങൾ അനുകരിക്കാനുള്ള കഴിവുമുണ്ട്.
2017ൽ ബംഗളൂരുവിൽ നിന്ന് ഇന്ത്യൻ ബ്രീഡായ തത്തയെ 25,000 രൂപയ്ക്കാണ് അനീഷ് വാങ്ങിയത്. ഇത്തരം തത്തകൾക്ക് ഇപ്പോൾ മൂന്നുലക്ഷം രൂപ വരെ വിലയുണ്ട്. ഐ.ടി പ്രാെഫഷണലായ അനീഷിന്റെ ഇഷ്ടവിനോദമാണ് പക്ഷി വളർത്തൽ. ഗൊഫിൻസ് തത്തകൾക്ക് പുറമെ,ആഫ്രിക്കൻ ഗ്രേ പാരറ്റ്സ്,ലൗ ബേഡ്സ് തുടങ്ങിയവയേയും അനീഷ് വളർത്തുന്നുണ്ട്. വീട്ടുകാരെല്ലാവരും ചേർന്നാണ് പക്ഷികളെ പരിപാലിക്കുന്നത്.
തത്തകളിൽ വേറിട്ടത്
വെള്ളത്തൂവലുകളും കിരീടം പോലെയുള്ള തലഭാഗവുമാണ് ഇവയെ വേറിട്ടതാക്കുന്നത്. ചിറകു വിരിച്ചാൽ ഉള്ളിൽ നിറയെ മഞ്ഞത്തൂവലുകളുമുള്ള ഇവയ്ക്ക് 40 മുതൽ 70 വർഷം വരെ ആയുർദൈർഘ്യവുമുണ്ട്. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും വിത്തുകളുമാണ് ഇവയുടെ ആഹാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |