
തിരുവനന്തപുരം: വെമ്പായം ബാറിൽ നടന്ന പെട്രോൾ ആക്രമണത്തിൽ ദൃക്സാക്ഷിയായ യുവാവ് ജീവനൊടുക്കി. ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ കുഴിവിള പറയൻകാവിൽ രതീഷാണ് (35) ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ രതീഷിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ,ബാറിലെ തീ വയ്പ്പ് സംഭവത്തിൽ മരണം മൂന്നായി. പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയതിൽ ഭയന്നാണ് രതീഷ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
സംഭവസമയത്ത്, വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇരിഞ്ചയത്ത് ട്രൈവിംഗ് പരിശീലനത്തിന് പോയ ഭാര്യ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ രതീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വെമ്പായം ബാർ റസിഡൻസിലുണ്ടായ അക്രമണത്തിലും തീവയ്പ്പിലും പൊള്ളലേറ്റ് ചികിത്സയിൽ കഴിയവേ രണ്ടുപേർ മരിച്ചത്. പൊള്ളലേറ്റ് മരിച്ച തേക്കട മാടൻനട സ്വദേശി നവാസ്,നന്നാട്ടുകാവ് സ്വദേശി അനീഷ് എന്നിവർ രതീഷിന്റെ ടിപ്പർ ലോറി ഡ്രൈവർമാരായിരുന്നു. രതീഷ് സംഭവത്തിന്റെ ദൃക്‌സാക്ഷിയായിരുന്നുവെന്നും സംഭവത്തിൽ പ്രതി ചേർക്കുമെന്നും പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ 19ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ പ്രകോപിതനായ അനീഷ് സമീപത്തെ പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങി. ബാറിൽ തിരികെയെത്തി ഇവിടെയുണ്ടായിരുന്നവരുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ പെട്രോൾ ദേഹത്ത് വീണ് അനീഷിനും ഗുരുതരമായി പൊള്ളലേറ്റു. നിലവിൽ പൊള്ളലേറ്റ മൂന്നു പേർ ചികിത്സയിൽ കഴിയുന്നുണ്ട്. രതീഷിന്റെ മൃതദേഹം നെടുമങ്ങാട് ജില്ല ആശുപത്രി മോർച്ചറിയിലാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: അർച്ചന.മക്കൾ: ദേവു, കുക്കു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |