ആറ്റിങ്ങൽ: കൺസെഷൻ ചോദിച്ച വിദ്യാർത്ഥിനിയെ സ്വകാര്യ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് ബസിൽ നിന്ന് ഇറക്കിവിട്ടത്. എസ്.എഫ്.ഐ പ്രഖ്യാപിച്ച വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട സ്കൂളുകൾക്ക് ഇന്നലെ അവധി നൽകിയിരുന്നു. സ്കൂളിലെത്തി അറ്റെൻഡൻസ് നൽകിയ ശേഷം തിരികെ വീട്ടിലേക്ക് പോകാനായി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് അവനവഞ്ചേരി ഭാഗത്തേക്കുള്ള അഖില എന്ന സ്വകാര്യ ബസിൽ കയറിയ വിദ്യാർത്ഥിനി എസ്.ടി ആവശ്യപ്പെട്ടു. അത് നൽകാൻ കഴിയില്ലെന്നും പത്തു രൂപ മിനിമം ചാർജ് നൽകണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു. മറ്റെവിടെയെങ്കിലും പോയിട്ട് വരുന്നവർക്ക് കൺസെഷൻ നൽകാൻ കഴിയില്ലെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. എന്നാൽ താൻ സ്കൂളിലാണ് പോയതൊന്നും സ്കൂൾ ഐ.ഡി കണ്ടക്ടറെ കാട്ടിയിട്ടും കൺസെഷൻ നൽകിയില്ലെന്നും സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കയറിയ കുട്ടിയെ അടുത്ത പോയിന്റായ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന്റെ മുന്നിൽ ഇറക്കി വിട്ടെന്നുമായിരുന്നു പരാതിയിൽ പറയുന്നു. സംഭവത്തിൽ വിദ്യാർത്ഥിനി സ്കൂളിൽ പരാതിപ്പെട്ടു. പരാതി സ്കൂൾ അധികൃതർ പൊലീസിന് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |