
കല്ലമ്പലം: പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധനയ്ക്കിടെ എസ്.എച്ച്.ഒയെയും സി.പി.ഒയെയും ആക്രമിച്ച സംഭവത്തിൽ മുൻ ബി.എസ്.എഫ് ജവാനും സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയും അറസ്റ്റിൽ.
പള്ളിക്കൽ സ്വദേശി വിനോദ് എസ്.പിള്ള (47),കിളിമാനൂർ സ്വദേശി സുരേഷ് ബാബു (39) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ പള്ളിക്കൽ എസ്.എച്ച്.ഒ ഡി.ദീപുവും സി.പി.ഒ അനീഷും പട്രോളിംഗ് ഡ്യൂട്ടി ചെയ്യുമ്പോൾ, ഊന്നൻകല്ല് ഭാഗത്ത് അപകടകരമായ രീതിയിൽ അമിതവേഗത്തിലെത്തിയ കാർ കൈകാണിച്ച് നിറുത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവർ വാഹനം നിറുത്താതെ മുന്നോട്ട് പോയി. അല്പദൂരം പിന്നിട്ടപ്പോൾ പെട്രോൾ തീർന്നതിനെ തുടർന്ന് വാഹനം നിന്നു. തുടർന്ന് പൊലീസ് വാഹനം എത്തിയപ്പോൾ,പ്രതികൾ അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ എസ്.എച്ച്.ഒയെ പിടിച്ചുതള്ളുകയും വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി കേസിൽ പറയുന്നു. അറസ്റ്റിലായ വിനോദ് എസ്.പിള്ള മുൻ ബി.എസ്.എഫ് ജവാനും,സുരേഷ് ബാബു സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയുമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പള്ളിക്കൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |