വിതുര: വിനോദ സഞ്ചാരകേന്ദ്രമായ പൊൻമുടിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കല്ലാർ പൊൻമുടി റൂട്ടിൽ ആറാംവളവിലും ഏഴാം വളവിലും കാട്ടാനകൾ പതിവാണ്. പകൽ സമയത്തുപോലും കാട്ടാനകൾ റോഡിലുണ്ട്. ഒരു കുട്ടിയാന അടക്കം ഏഴ് ആനകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. മേഖലയിൽ സുലഭമായുള്ള ഒലട്ടിമരങ്ങൾ തേടിയാണ് ഇവരുടെ വരവ്. കഴിഞ്ഞ ദിവസം ഉച്ചക്ക് ആറാംവളവിന് സമീപം റോഡിലിറങ്ങിയ കാട്ടാനകൾ അരമണിക്കൂറോളം പൊൻമുടി റൂട്ടിൽ ഗതാഗതം മുടക്കി. റോഡ് കൈയേറിയ ആനകൾ പിൻവാങ്ങിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവസമയത്ത് മേഖലയിൽ ധാരാളം സഞ്ചാരികൾ ഉണ്ടായിരുന്നു. ടൂറിസ്റ്റുകൾ ആനയുടെ പടമെടുക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷ മുൻനിറുത്തി വനപാലകർ അത് വിലക്കി. ഒരാഴ്ചയായി മേഖലയിൽ കാട്ടാനശല്യമുണ്ട്.
അന്തിയുറക്കം റോഡിൽ
ധാരാളം ടൂറിസ്റ്റുകളെത്തുന്ന മേഖലയിലാണ് കാട്ടാനകളെത്തുന്നത്. രാത്രിയിൽ പൊൻമുടി റോഡിലാണ് അന്തിയുറക്കം. പുലർച്ചെ ബസ്സെത്തി ഹോൺ മുഴക്കുമ്പോഴാണ് കാട്ടിലേക്ക് കയറിപോകുന്നത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം വീണ്ടും കാട്ടാനകൾ പൊൻമുടി റോഡിൽ ചേക്കേറും. നേരത്തേ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ വൈദ്യുതിപോസ്റ്റുകൾ മറിച്ചിടുകയും വിനോദസഞ്ചാരികളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പൊൻമുടിക്ക് പുറമേ കല്ലാർ മേഖലയിലും കാട്ടാനശല്യം വർദ്ധിച്ചിട്ടുണ്ട്.
സഞ്ചാരികൾ ജാഗ്രത
വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിൽ നിലവിൽ സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ പൊൻമുടി റോഡിൽ കാട്ടാനകളുടെ വിളയാട്ടമാണ്. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ പൊൻമുടിയിൽ ധാരാളം സ്ത്രീകൾ എത്തുന്നുണ്ട്. സഞ്ചാരികൾ വനത്തിനുള്ളിലേക്ക് കടക്കരുതെന്നും ആനയുടെ പടമെടുക്കാൻ ശ്രമിക്കരുതെന്നും വനപാലകരുടെ അറിയിപ്പുണ്ട്. പൊലീസിന്റെയും, ഫോറസ്റ്റിൻെറയും അറിയിപ്പുകൾ പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |