SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.30 AM IST

ചെറ്റച്ചൽ സമരഭൂമിയിലെ ഭവനനിർമ്മാണം ഇഴയുന്നു

photo-1

പാലോട്: ചെറ്റച്ചൽ സമരഭൂമിയിലെ 18പട്ടികവർഗ കുടുംബങ്ങൾക്ക് സർക്കാർ ഭവനനിർമ്മാണത്തിനായി ആറ് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ച് കെട്ടിട നിർമ്മാണം ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും ഇഴഞ്ഞുതന്നെ. 2025ജൂൺ 19നാണ് ഭവനനിർമ്മാണോദ്ഘാടനം മന്ത്രിയായിരുന്ന ഒ.ആർ.കേളു നിർവഹിച്ചത്.നാല് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് പുതിയ വീടുകളിലേക്ക് ഉടമകളെ മാറ്റുമെന്നായിരുന്നു വാഗ്ദാനം. മുൻ സർക്കാരിന്റെ കാലത്ത് വീട് നിർമ്മാണം കരാർ ഏൽപ്പിച്ച കുളത്തൂപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോത്രജീവിക സഹകരണ സംഘത്തിനാണ് വീട് നിർമ്മാണത്തിനാവശ്യമായ തുക കൈമാറിയത്. 5ഗഡുക്കളായി പണം നൽകുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.ഇതിൽ നാല് ഗഡു ഗോത്രജീവികയ്ക്ക് സർക്കാർ നൽകി.

നിർമ്മാണം പൂർത്തിയായിട്ടില്ല

നിലവിൽ ഓരോ വീടിനും പതിനാറായിരം രൂപ മാത്രമേ ലഭിക്കാനുള്ളൂ. എന്നാൽ തറയുടെ ജോലിയും ജനൽ, വാതിൽ എന്നിവയുൾപ്പെടെ കരാർ ഏറ്റെടുത്ത സംഘം തീർത്തിട്ടില്ല.സമരഭൂമിയിൽ സ്ഥിരതാമസമായതും കൈവശാവകാശരേഖ ലഭ്യമായതുമായ 18 കുടുംബങ്ങൾക്കാണ് സർക്കാർ പ്രത്യേക കേസായി പരിഗണിച്ച്, ഒരു വീടിന് 6 ലക്ഷം രൂപ നിരക്കിൽ ഭവനനിർമ്മാണ ധനസഹായത്തിന് അനുമതി നൽകിയതു തുക കൈമാറിയതും. സമരഭൂമിയിൽ 20 വർഷമായി താമസിക്കുന്ന 33 കുടുംബങ്ങൾക്ക് വ്യക്തിഗത വനാവകാശം നേരത്തെ നൽകിയിട്ടുണ്ട്.പ്രദേശത്ത് 19കുടുംബങ്ങളാണ് കുടിൽകെട്ടി സ്ഥിരതാമസമുള്ളത്. ഇവർക്ക് വിതുര പഞ്ചായത്തിൽ നിന്ന് വീട്ടുനമ്പർ ലഭിച്ചിട്ടുണ്ടെങ്കിലും ഷെഡുകൾ ജീർണാവസ്ഥയിലായതിനാൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രത്യേക ഭവനനിർമ്മാണ പാക്കേജ് അനുവദിക്കുന്നതിന് വകുപ്പ് ശുപാർശ ചെയ്യുകയായിരുന്നു.

18കുടുംബങ്ങൾക്ക് ഭവന അനുമതി

കൈവശാവകാശരേഖ ലഭ്യമായ 18കുടുംബങ്ങൾക്കാണ് ഭവന നിർമ്മാണത്തിന് ധനസഹായം നല്കാൻ സർക്കാർ അനുമതി നൽകിയത്. 19കുടുംബങ്ങളിൽ ഒരു കുടുംബത്തിന് മറ്റൊരു പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചിട്ടുണ്ട്.വീട് നിർമ്മാണം നിശ്ചലമായതിനെ തുടർന്ന് പല കുടുംബങ്ങളും ഇപ്പോഴും താമസിക്കുന്നത് ചോർന്നൊലിക്കുന്ന കുടിലുകളിലാണ്.

കാടിനോട് ചേർന്ന പ്രദേശമായതിനാൽ വന്യമൃഗങ്ങശല്യവുമുണ്ട്. അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.

നാൾവഴിയിലൂടെ

2003ഏപ്രിൽ 21നാണ് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ചെറ്റച്ചൽ ഫാമിന്റെ ഉടമസ്ഥതയിലുള്ള 28ഏക്കർ സ്ഥലത്ത് കുടിൽകെട്ടി സമരം ആരംഭിച്ചത്. 2022ആഗസ്റ്റ് 25ന് സമരഭൂമിയിലെ 33കുടുംബങ്ങൾക്ക് കൈവശാവകാശ രേഖ ലഭിച്ചത്. 2024നവംബർ 30നാണ് ചെറ്റച്ചൽ സമരഭൂമിയിലെ താമസക്കാർക്ക് വീട് വയ്ക്കുന്നതിനായി 6 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. 2025ജൂൺ 19നാണ് ഭവന നിർമ്മാണത്തിന് തുടക്കമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL