നെടുമങ്ങാട്: ഡോക്ടർമാർ കൃത്യസമയത്ത് ഡ്യൂട്ടിക്കെത്തിയിട്ടും,ഒ.പി ടിക്കറ്റ് വിതരണം ചെയ്യാൻ ജീവനക്കാരില്ലാത്തതിനെത്തുടർന്ന് രോഗികൾ മണിക്കൂറുകളോളം കാത്തുനിന്ന് വലഞ്ഞു.പനവൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.രാവിലെ 6ഓടെ ഒ.പി കൗണ്ടറിലെത്തിയവർക്ക് 10നുശേഷമാണ് പരിശോധിച്ച് മരുന്ന് ലഭിച്ചത്.ഉൾപ്രദേശങ്ങളിൽ നിന്ന് അതിരാവിലെ പ്രഷറും ഷുഗറും കൊളസ്ട്രോളും പരിശോധിക്കാൻ പ്രഭാത ഭക്ഷണം മാറ്റി വച്ചെത്തിയ വൃദ്ധജനങ്ങളും പനിയും ശർദ്ദിയുമായെത്തിയ കുട്ടികളും നന്നേ വലഞ്ഞു.ഒരു നഴ്‌സിംഗ് അസിസ്റ്റന്റിനെ ഒ.പി ടിക്കറ്റെഴുതി ടോക്കൺ നൽകാൻ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഒരു രോഗിയുടെ പരിചരണവുമായി ബന്ധപ്പെട്ട് അല്പനേരം മാറി നിൽക്കേണ്ടി വന്നതാണ് പ്രതിഷേധത്തിന് കരണമായതെന്നുമാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്.എന്നാൽ,ഒ.പി കൗണ്ടറിൽ ഡ്യൂട്ടി നോക്കിയിരുന്ന ജീവനക്കാരിയെ ശമ്പളം നൽകാൻ ഫണ്ടില്ലെന്ന കാരണത്താൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.സ്ഥലത്തെത്തിയ പ്രവർത്തകർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകി.രോഗികളെ ബുദ്ധിമുട്ടിക്കുന്ന സമീപനം ഒഴിവാക്കണമെന്നും ആശുപത്രിയിൽ ടോക്കൺ മെഷീൻ ഉടനെ സ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |