SignIn
Kerala Kaumudi Online
Friday, 31 July 2026 4.07 AM IST

തീരദേശത്ത് കുടിവെള്ളക്ഷാമം: വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് അനിവാര്യം

1

പൂവാർ: കോട്ടുകാൽ,കരുംകുളം,പൂവാർ പഞ്ചായത്തുകളിൽ രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിലാണ് പബ്ലിക് ടാപ്പിൽ വെള്ളമെത്തുന്നത്. അതും മുടങ്ങാറുണ്ട്. പൈപ്പ് പൊട്ടൽ വ്യാപകമായതും പ്ലാന്റിൽ പമ്പിംഗ് നടക്കാത്തതുമാണ് കുടിവെള്ളക്ഷാമത്തിന് കാരണം.

കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ അമ്പലത്തുമൂല,അടിമലത്തുറ,ബീച്ച് റോഡ് എന്നിവിടങ്ങളിൽ കുടിവെള്ളം മുടങ്ങുന്നത് പതിവാണ്. ചൊവ്വര,ചപ്പാത്ത്,മൂലക്കര എന്നീ പമ്പ് ഹൗസുകളിൽ നിന്നാണ് ഇവിടങ്ങളിൽ വെള്ളമെത്തുന്നത്. പമ്പിംഗ് തടസപ്പെടുന്നതാണ് കുടിവെള്ളം മുടങ്ങാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ മറ്റ് പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങാറില്ല.

എത്തുന്നത് ചെളിവെള്ളം

കരുംകുളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിതിക്കുന്ന കരിച്ചൽ പമ്പ് ഹൗസിൽ നിന്നാണ് കരുംകുളം പൂവാർ ഗ്രാമപഞ്ചായത്തുകളിലെ തീരമേഖലയിൽ കുടിവെള്ളമെത്തുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെത്തുന്ന വെള്ളം പലപ്പോഴും ചെളിവെള്ളമാകാറുണ്ടെന്നും ആക്ഷേപമുണ്ട്.ഇവിടെ ഒരു പമ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്. 6 മോട്ടോറുകൾ നിർജ്ജീവമാണ്. അവ മെയിന്റനൻസ് ചെയ്ത് പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

ലക്ഷ്യം കാണാതെ കാവുംകുളം കുടിവെള്ള പദ്ധതി

2000ൽ ആരംഭിച്ച കാവും കുളം കുടിവെള്ള പദ്ധതി 5.50ലക്ഷം ചെലവിട്ടിട്ടും ഇതുവരെയും ലക്ഷ്യം കണ്ടില്ല. 2005ൽ ജില്ലാ പഞ്ചായത്ത് പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമവും വഴിത്തർക്കത്തെ തുടർന്ന് തടസപ്പെട്ടു. കരുംകുളം പഞ്ചായത്തിന്റെ 6വാർഡുകൾക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയായിരുന്നു. പൂവാർ ഗ്രാമപഞ്ചായത്തിൽ 2005ൽ ആരംഭിച്ച പയന്തി പമ്പ് ഹൗസിന്റെ പ്രയോജനം ഒരു ചെറിയ പ്രദേശത്തെ 20ഓളം വീടുകൾക്ക് മാത്രം ലഭിച്ചിരുന്നു. എന്നാൽ അതും പ്രവർത്തനരഹിതമാണ്.

15.92കോടി മുടക്കി തിരുപുറത്ത് കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തിപ്പിച്ചെങ്കിലും കരുംകുളം, പൂവാർ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ മാത്രമാണ് വെള്ളമെത്തുന്നത്. അതും ആഴ്ചയിൽ 3 ദിവസം മാത്രം. ആദ്യഘട്ടത്തിൽ കുമിളിയിലെ വെള്ളം പരണിയത്തെയും പൂവാറിലെയും ടാങ്കുകളിലെത്തിക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. വെള്ളം പമ്പിംഗ് തുടങ്ങിയപ്പോൾത്തന്നെ അവിടവിടെ പൈപ്പുകൾ പൊട്ടാൻ തുടങ്ങിയതാണ് ദൗത്യം ഉപേക്ഷിക്കാൻ കാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL