
തൃശൂർ: രാത്രി വൈകിയുള്ള നാസിക് ഡോൾ പരിശീലനം ചോദ്യംചെയ്ത യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ ഏഴ് പ്രതികൾക്ക് മൂന്ന് വർഷം കഠിനതടവും 10,000 രൂപ പിഴയും. തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ജി. പ്രവീൺകുമാറാണ് ശിക്ഷ വിധിച്ചത്.
2022ൽ എരുമപ്പെട്ടി ഉമിക്കുന്ന് കോളനി റോഡിലായിരുന്നു സംഭവം. ശബ്ദശല്യം കാരണം കുട്ടികൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞതിനാണ് അനൂപ് എന്ന യുവാവിനെ പ്രതികൾ ഇരുമ്പുവടിയും ഇടിക്കട്ടയും ഉപയോഗിച്ച് ആക്രമിച്ചത്. പരിക്കേറ്റ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനൂപിനെ അവിടെയെത്തിയും ഇവർ മർദ്ദിച്ചിരുന്നു.
കാപ്പ കേസിൽ ഉൾപ്പെട്ടവരടക്കം നിരവധി ക്രിമിനൽ പശ്ചാത്തലമുള്ള എരുമപ്പെട്ടി സ്വദേശികളായ അമീർ (26), ഷഫീർ (32), ഷമീർ (32), സുജിത്ത് (33), വിഷ്ണു (31), ശ്രീകാന്ത് (31), ദേവക് (20) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
എരുമപ്പെട്ടി ഇൻസ്‌പെക്ടറായിരുന്ന കെ.കെ. ഭൂപേഷാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. എം. ലാജു ലാസർ, അഡ്വ. എൻ.എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ ഹാജരായി. സീനിയർ സി.പി.ഒ കെ. മണികണ്ഠൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |