SignIn
Kerala Kaumudi Online
Sunday, 31 May 2026 8.22 AM IST

ക്ഷേത്രനഗരിയിലും ലഹരി പൂക്കുന്നു

drug

  • അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിൽ പൊലീസും എക്സെെസും

ഗുരുവായൂർ: 'ഉപദ്രവം സഹിക്കാനാകുന്നില്ല, രക്ഷിക്കണം സാറേ...' ടെമ്പിൾ സ്റ്റേഷനിലെത്തിയ മദ്ധ്യവയസ് പിന്നിട്ട ലോട്ടറി വിൽപ്പനക്കാരിയുടെ ദയനീയത കണ്ടറിഞ്ഞാണ് പൊലീസ് കാര്യം ചോദിച്ചറിഞ്ഞത്. സ്വന്തം മകനാണ് ഉപദ്രവിക്കുന്നതെന്ന് അറിഞ്ഞപ്പോൾ വീട്ടിലെത്തിയപ്പോൾ 'ഞാനല്ല, സാറെ മറ്റവനാണ് ഇന്ന് അമ്മയെ തല്ലിയത്.' - ജ്യേഷ്ഠനെ ചൂണ്ടിക്കാട്ടി ഇളയവന്റെ മറുപടി. അമ്മ കുടുംബം മാത്രം നോക്കിയാൽ പോരാ, ലഹരിക്കുള്ള പണം കൂടി തരണമെന്നായിരുന്നു ആവശ്യം. 'ഞാൻ ഇത്തിരി പൈസ ചോദിച്ചു, ന്താ ഈ തള്ളയ്ക്ക് തന്നാല്...' പൊലീസിന് മുമ്പിലും അവന്റെ ചോദ്യം.

ലഹരിക്ക് അടിമകളാണ് രണ്ട് മക്കളും. മൂത്തമകൻ വാഹനങ്ങളുടെ മെക്കാനിക്ക്. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുണ്ടെങ്കിലും മദ്യപാനവും ലഹരിയും കുടുംബം തകർത്തു. ഭാര്യയുമായി വേർപിരിഞ്ഞതോടെ ലഹരിയിൽ മുഴുകി. ഇളയവന് ജോലിയില്ല.

പകൽ ലോട്ടറി വിറ്റ് വൈകിട്ട് വീട്ടിലെത്തുമ്പോൾ അമ്മയ്ക്ക് മക്കളുടെ വക തെറിവിളിയും മർദനവുമാണ്. അയൽവീട്ടുകാർ ഇടപെട്ടാലോ അവർക്കും കിട്ടും തെറിവിളി. ഇതോടെ ആരും ഈ കുടുംബത്തോട് അടുക്കാതെയായി. ഒടുവിലാണ് അമ്മ പൊലീസിൽ അഭയം തേടി. ഇരുമക്കളെയും പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

സിന്തറ്റിക് ലഹരികൾ കുറവെങ്കിലും ഗുരുവായൂർ, ചാവക്കാട് തീരദേശ മേഖലകളിൽ കഞ്ചാവിന്റെ വിളയാട്ടമാണ്. ചാവക്കാട്, പാവറട്ടി മേഖലകളിലെ ഇടനിലക്കാരാണ് ഗുരുവായൂരിൽ കഞ്ചാവ് ഉൾപ്പെടെ എത്തിക്കുന്നത്.

'റെയ്ഡ് ഉണ്ടാകില്യാന്നാ...'

'ഗുരുവായൂരാകുമ്പോൾ റെയ്ഡ് ഉണ്ടാവില്യാന്നാ കേൾക്കണേ...' നരസിംഹം സിനിമയിൽ മോഹൻലാലിന്റെ ഡയലോഗ് ശരിയാണെന്ന് തെറ്റിദ്ധരിച്ചാണോ, അടുത്തിടെ മമ്മിയൂരിലെ ഫ്ലാറ്റിൽ യുവാക്കൾ ലഹരിപ്പാർട്ടി ഒരുക്കി. ഫ്ളാറ്റ് ഒഴിയണമെന്ന ആവശ്യവുമായി ജീവനക്കാരെത്തിയപ്പോൾ മർദ്ദനമായിരുന്നു മറുപടി. ലഹരിമൂത്ത യുവാക്കൾ നാല് ജീവനക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. കോട്ടപ്പടിയിൽ നിന്നും കഴിഞ്ഞ ഒക്ടോബറിൽ 20 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടികൂടി. നവംബറിൽ 25 ലക്ഷം രൂപ വരുന്ന 650 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഗുരുവായൂരിൽ ലഹരി പൂക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണെങ്കിലും പിടികൂടുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും എക്സൈസിനും പൊലീസിനും ഇല്ലെന്നതാണ് ദുരവസ്ഥ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL