SignIn
Kerala Kaumudi Online
Thursday, 25 June 2026 11.30 AM IST

തീരാനോവായി ദുരന്തം... ആചാരം വിടാതെ, പൊലിമ കുറച്ച്

pooram

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽ 14 പേരുടെ മരണം തീരാനോവായി അവശേഷിക്കെ, വീണ്ടും പൂരം ഒരുക്കം സജീവം. ഇന്നലെ ചേർന്ന യോഗത്തിലാണ് പൂരം നടത്താൻ തീരുമാനിച്ചത്. പൂരം ഞായറാഴ്ച്ചയായതിനാൽ വൻ ജനക്കൂട്ടത്തെയാണ് പ്രതീക്ഷിച്ചത്. എന്നാൽ, വെടിക്കെട്ട് ഒഴിവാക്കിയതും കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കിയതും പൂരത്തെ ബാധിക്കും. എന്നിരുന്നാലും സുരക്ഷാസംവിധാനം ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വെടിക്കെട്ട് ഒഴിവാക്കിയതോടെ, കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി തൃശൂരിലുണ്ടായിരുന്ന വെടിക്കെട്ട് തൊഴിലാളികൾ പൂരനഗരി വിട്ടു.

ദേവസ്വം ബോർഡ് യോഗത്തിൽ
ഭിന്നാഭിപ്രായം..!

ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ആനകളുടെയും വാദ്യക്കാരുടെയും എണ്ണത്തിൽ കുറവ് വരുത്തണമെന്ന ബോർഡ് നിർദ്ദേശത്തിൽ ഭിന്നാഭിപ്രായം. ആചാരം നിലനിറുത്തി എഴുന്നള്ളിപ്പ് നടത്തണമെന്നാണ് ബോർഡ് മുന്നോട്ടുവച്ച നിർദ്ദേശം. ഒരാന മതിയെന്ന് ആദ്യം ദേവസ്വം ബോർഡ് നിർദ്ദേശിച്ചു. ഇത് സമ്മതിക്കാതെ വന്നതോടെ അഞ്ചാനകൾ ആകാമെന്ന് ബോർഡ് പറഞ്ഞു. ഇതിലും തീരുമാനമാകാതെ വന്നപ്പോൾ പിന്നീട് അറിയിച്ചാൽ മതിയെന്ന് നിർദ്ദേശിച്ച് യോഗം പിരിഞ്ഞു.
എന്നാൽ, ഇതിനോട് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ലാലൂരും കാരമുക്കും മാത്രമാണ് അനുകൂലമായി നിന്നത്. അതേസമയം, ദേവസ്വം ബോർഡ് ഇത് ഉത്തരവായി ഇറക്കുകയാണെങ്കിൽ നടപ്പാക്കാമെന്ന് ചില ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ചൂരക്കോട്ടുകാവ്, കണിമംഗലം, അയ്യന്തോൾ, നെയ്തലക്കാവ് ക്ഷേത്രങ്ങൾ ക്ഷേത്ര ക്ഷേമസമിതി യോഗം ചേർന്ന ശേഷം തീരുമാനിക്കാമെന്ന് അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു യോഗം.

പൂര വിളംബരം നാളെ

തെക്കേ ഗോപുരനട തുറന്ന് പൂരം വിളംബരം ചെയ്യാനായി നെയ്തലക്കാവിലമ്മ നാളെ പൂരനഗരിയിലെത്തും. രാവിലെ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനിലെത്തി വണങ്ങിയ ശേഷം തെക്കേ ഗോപുരനട തുറക്കും. മണികണ്ഠനാലിൽ മേളം കൊട്ടിക്കലാശിച്ച ശേഷം നിലപാടുതറയിലെത്തി വിളംബരം ചെയ്യും.

തിരുവമ്പാടി മേളത്തിന് കലാകാരൻമാരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് നിദ്ദേശമൊന്നും നൽകിയിട്ടില്ല.
-ചെറുശേരി കുട്ടൻ മാരാർ
മേളപ്രമാണി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL