
തൃശൂർ: പാചകരംഗത്ത് പുതുപ്രതീക്ഷയായ പൈപ്പ്ഡ് നാച്വറൽ ഗ്യാസിന് (പി.എൻ.ജി) തൃശൂർ ജില്ലയിൽ പ്രിയമേറുന്നു. ചെലവു കുറഞ്ഞതും ക്ഷമതയേറിയതുമായ പ്രകൃതിജന്യ ഇന്ധനമായ പി.എൻ.ജി, പൈപ്പ് ലൈനുകളിലൂടെയാണ് വീടുകളിലെത്തിക്കുക.
ജില്ലയിലെ ബഹുനില സമുച്ചയങ്ങളിൽ പി.എൻ.ജി എത്തിക്കുന്നതിന്റെ ആദ്യപടിയായി ചെല്ലൂർ കൃഷ്ണ ഗാർഡൻ ഫ്ലാറ്റ് സമുച്ചയത്തിൽ പദ്ധതി കമ്മിഷൻ ചെയ്തിരുന്നു. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതി, അംഗീകൃത ഏജൻസിയായ എസ്.എൽ.പി.എൽ മുഖേനയാണ് നടപ്പാക്കുന്നത്. ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നടക്കം നിരവധി അന്വേഷണങ്ങളാണ് ലഭിച്ചതെന്ന് എസ്.എൽ.പി.എല്ലിന്റെ മാനേജിംഗ് ഡയറക്ടർ ശശിധരൻ എസ്.മേനോൻ പറഞ്ഞു. ചാവക്കാട്,കുന്നംകുളം നഗരങ്ങളിലെ ഗാർഹിക സമുച്ചയങ്ങളിലേക്കും പ്രകൃതിവാതകം ഉടനെയെത്തും. തൃശൂർ നഗരത്തിൽ അടുത്തമാസം പദ്ധതി അവതരിപ്പിക്കും. പ്രാഥമിക ചെലവുകൾക്കായി 6000-7000 രൂപ ഡെപ്പോസിറ്റ് ചെയ്യണം. റീഫണ്ടബിളാണ്. നിലവിലെ ഗ്യാസ് ഉപയോഗം കണക്കാക്കിയാണ് സെക്യൂരിറ്റിതുക നിശ്ചയിക്കുക. ചെലവിടുന്ന രണ്ടുമാസത്തിലൊരിക്കൽ ഓൺലൈനായി വരിസംഖ്യ അടയ്ക്കാം. റീഡിംഗ് എടുക്കാൻ കമ്പനി ജീവനക്കാരെത്തും. സ്വയം മീറ്റർ റീഡിംഗ് എടുത്ത് ഫോട്ടോ അപ്‌ലോഡ് ചെയ്യുകയുമാകാം.ചെല്ലൂർ കൃഷ്ണ ഗാർഡൻ ഫ്ലാറ്റ് സമുച്ചയത്തിൽ പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂർ മുൻ മുനിസിപ്പൽ ചെയർമാൻ എം.കൃഷ്ണദാസ് നിർവഹിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
എൽ.പി.ജിയേക്കാൾ ചെലവ് കുറവ്
പൈപ്പ് ലൈനിലൂടെ അടുക്കളയിൽ ലഭിക്കും
ചൂടു കൂടുതലായതിനാൽ പാചകസമയം കുറയും
സിലിണ്ടർ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട
പി.എൻ.ജി സുരക്ഷിതം
എൽ.പി.ജിക്ക് സാന്ദ്രത കൂടുതലായതിനാൽ ചോർച്ചയുണ്ടായാൽ വീടിനകം തന്നെ തങ്ങിനിന്ന് അപകടമുണ്ടാക്കും. എന്നാൽ കനംകുറഞ്ഞ വാതകമായ പി.എൻ.ജി മുകളിലേക്ക് ഉയർന്ന് ക്രമേണ അന്തരീക്ഷത്തിൽ ലയിക്കും. വർഷങ്ങളായി പി.എൻ.ജി ഉപയോഗിക്കുന്ന വൻ നഗരങ്ങളിലൊന്നും വലിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പാർപ്പിടങ്ങളിൽ അഥവാ ചോർച്ചയുണ്ടായാൽ തന്നെ മെയിൻ പൈപ്പിൽ നിന്ന് വാതക പരവാഹം തനിയേ ഡിസ്കണക്‌ടാവുകയും ചെയ്യും. സർവീസിനും റിപ്പയറിംഗിനും ബന്ധപ്പെടാൻ 24 മണിക്കൂറും ഹെൽപ്‌ലൈൻ നമ്പറുമുണ്ട്. വിവരങ്ങൾക്ക്: 9061610945, 9061611316.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |