
തൃശൂർ: പുന്നത്തൂർ കോട്ടയിലെ ആനകളുടെ സംരക്ഷണം സംബന്ധിച്ച നിയമപോരാട്ടം മൂന്നുവർഷം പിന്നിട്ടിട്ടും തീരുമാനമാകാതെ നീളുന്നു. എല്ലാം ശരിയായെന്ന് ഗുരുവായൂർ ദേവസ്വം പറയുമ്പോൾ ഇല്ലെന്നാണ് ഹർജിക്കാരുടെ വാദം. വിഷയത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് 67 സിറ്റിംഗുകൾ നടത്തുകയും നാല്പതിലധികം ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ, കോടതിയുടെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. എന്നാൽ പല കാര്യങ്ങളും ശരിയാകാനുണ്ടെന്നാണ് ഹർജിക്കാരുടെ വാദം. ഇനി അവശേഷിക്കുന്ന പരാതികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന ചാർട്ട് സമർപ്പിക്കാൻ ഹർജിക്കാരോട് നിർദ്ദേശിച്ച കോടതി, കേസ് എട്ടിലേക്ക് മാറ്റി. കാനഡയിൽ താമസിക്കുന്ന ആനസ്‌നേഹി സംഗീത അയ്യർ 2023മേയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ആനക്കോട്ടയിലെ വൃത്തിഹീനമായ അന്തരീക്ഷം, പോഷകാഹാരക്കുറവ്, കൂച്ചുവിലങ്ങിട്ട് തളയ്ക്കുന്ന സാഹചര്യം, പ്രായമേറിയ ആനകളുടെ പുനരധിവാസം എന്നിവ മുൻനിറുത്തിയാണ് ഹർജി. 'മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം', 'കേരള നാട്ടാന പരിപാലന ചട്ടം' എന്നിവയനുസരിച്ചാണ് വാദം.ആനക്കോട്ടയിൽ ഉന്നതല പരിശോധന നടത്തിയതിൽ നിയമലംഘനങ്ങളും ക്രമക്കേടുകളും ഉടമസ്ഥാവകാശ പ്രശ്നങ്ങളും കണ്ടെത്തിയിരുന്നു. ആനകളുടെ മൂവ്മെന്റ് രജിസ്റ്റർ, ഫീഡിംഗ് രജിസ്റ്റർ, ചികിത്സാ രേഖകൾ തുടങ്ങിയവ വിളിച്ചുവരുത്തേണ്ടിയും വന്നു. കേസ് പരിഗണനയിലിരിക്കേ ആനക്കലിയും പാപ്പാന്മാരുടെ ക്രൂരതയുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളുമുണ്ടായിരുന്നു. റിപ്പോർട്ട് തേടിയ കോടതി, മാർഗനിർദ്ദേശങ്ങൾ നൽകിയെങ്കിലും കേസിൽ ശാശ്വത പരിഹാരത്തിന് ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്.
35 ആനകൾ
ഹർജി എത്തുമ്പോൾ പുന്നത്തൂർ കോട്ടയിൽ 41 ആനകളുണ്ടായിരുന്നു. ഇപ്പോൾ 35ആയി കുറഞ്ഞു. നിലവിൽ 15 ആനകൾക്ക് മദപ്പാടും ഒരെണ്ണത്തിന് പാദരോഗവുമുണ്ട്.
വ്യവഹാരകാലത്തെ
അനിഷ്ടസംഭവങ്ങൾ
1. നവംബർ 2023: ചന്ദ്രശേഖരൻ ആനയുടെ കുത്തേറ്റ് രണ്ടാംപാപ്പാൻ രതീഷ് കൊല്ലപ്പെട്ടു. 30വർഷമായി തളച്ചിരുന്ന ആനയാണ് പുറത്തിറക്കിയപ്പോൾ ഇടഞ്ഞത്.
2. ഫെബ്രുവരി 2024: കുളിക്കാൻ മടികാട്ടിയ കൃഷ്ണ, ജൂനിയർ കേശവൻ എന്നീ ആനകളെ ശീവേലിപ്പറമ്പിൽ വച്ച് പാപ്പാൻ ശരത് വടികൊണ്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
3. ഫെബ്രുവരി 2025: ചട്ടം ലംഘിച്ച് 120കി.മീ. അകലെയുള്ള മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് എത്തിച്ച പീതാംബരൻ, ഗോകുൽ ആനകൾ ഇടഞ്ഞു. സംഭവത്തിൽ മൂന്ന് വയോധികർ മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |