SignIn
Kerala Kaumudi Online
Friday, 31 July 2026 4.07 AM IST

അക്കാഡമികളിലെ പ്രതിസന്ധി: ഭരണസമിതി ഉടൻ

news

 മന്ത്രി ഇടപെട്ടു

തൃശൂർ: സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാഡമികളിൽ ചെയർപേഴ്‌സൺ, സെക്രട്ടറി, ഭരണസമിതി നിയമനങ്ങൾ വൈകുന്നതുമൂലം പ്രവർത്തനം താളംതെറ്റുന്നതായി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് പിന്നാലെ അടിയന്തര ഇടപെടലുമായി മന്ത്രി പി.സി.വിഷ്ണുനാഥ്. സാഹിത്യ അക്കാഡമിയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ മന്ത്രി, അക്കാഡമികളെ മികച്ച രീതിയിൽ നയിക്കാൻ കഴിവുള്ള ഭരണസമിതികൾ ഉടൻ നിലവിൽ വരുമെന്ന് പറഞ്ഞു. ഭരണസമിതിയില്ലാത്തതിനാൽ അവാർഡ് നിർണയം, കലാകാരന്മാർക്കുള്ള പെൻഷൻചികിത്സാ സഹായങ്ങൾ, അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്), അന്താരാഷ്ട്ര സാഹിത്യോത്സവം എന്നിവയുടെ ഒരുക്കങ്ങൾ അനിശ്ചിതത്വത്തിലായ വിവരം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. അക്കാഡമികളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിലും ജനങ്ങളിലേക്കെത്തിക്കുന്നതിലും സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സാഹിത്യ അക്കാഡമിയിലെ ലളിതാംബിക അന്തർജനം സ്മാരക ഗ്രന്ഥശാലയും പുസ്തകശാലയും മന്ത്രി സന്ദർശിച്ചു. അക്കാഡമി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മാനേജർ പി.കെ. മിനി മന്ത്രിയെ സ്വീകരിച്ചു. രാജൻ ജെ. പല്ലൻ എം.എൽ.എ, മറ്റു സാംസ്‌കാരികരാഷ്ട്രീയ പ്രമുഖർ തുടങ്ങിയവരും ഉണ്ടായിരുന്നു.

 ഫണ്ടും പിന്തുണയും നൽകും

സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി, ലളിതകലാ അക്കാഡമി, കേരള കലാമണ്ഡലം തുടങ്ങിയ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ടും പിന്തുണയും നൽകും. സാംസ്‌കാരിക വകുപ്പിന്റെ ആസ്ഥാനമായ തൃശൂരിനെ 'കൾച്ചറൽ ടൂറിസം സിറ്റി'യായി വികസിപ്പിക്കുമെന്നും ഭാവഗായകൻ പി. ജയചന്ദ്രന്റെ ഓർമ്മയ്ക്കായി കോർപ്പറേഷനുമായി സഹകരിച്ച് സ്മാരകം നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL