തൃശൂർ: ശനിയാഴ്ചയിലെ പെരുമഴയ്ക്ക് ശേഷം ഇന്നലെ മഴയകന്നു നിന്നതോടെ ആശ്വാസം. പെരുമഴയെത്തുടർന്ന് തൃശൂർ, ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മഴ വിട്ടുനിന്നതോടെ തൃശൂർ നഗരത്തിലെ പൂങ്കുന്നം ക്യാമ്പിൽ കഴിഞ്ഞവർ ഇന്നലെ രാവിലെയോടെ മടങ്ങി. എന്നാൽ മറ്റ് താലൂക്കുകളിലെ ക്യാമ്പുകൾ തുടരുന്നുണ്ട്. പൂങ്കുന്നം സ്കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളാണ് കഴിഞ്ഞിരുന്നത്.
പൂങ്കുന്നം എ.കെ.ജി നഗറിൽ ഇന്നലെ വൈകിട്ടോടെ മുട്ടോളം വെള്ളം കയറിയതിനെ തുടർന്നാണ് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ഒരു കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്കും മറ്റൊരു കുടുംബത്തെ ജനറൽ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. അഞ്ചുമാസം മാത്രം പ്രായമുള്ള കുട്ടി ശസ്ത്രക്രിയക്ക് വിധേയമായതിനാലാണ് ഒരു കുടുംബത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
ക്യാമ്പുകൾ തുടരുന്നു
ചാലക്കുടി താലൂക്കിലുള്ള കൊടകരയിലെ ക്യാമ്പിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി അഞ്ച് പേരും വരന്തരപ്പിള്ളിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും മുപ്ലിയത്തെ ക്യാമ്പിൽ രണ്ട് കുടുംബങ്ങളിലെ ആറ് പേരുമാണുള്ളത്. മുകുന്ദപുരം താലൂക്കിലെ നെല്ലായി പന്തല്ലൂർ ജനത യു.പി സ്കൂളിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ 12 കുടുംബങ്ങളിൽ നിന്നായി 30 പേരാണുള്ളത്. പറപ്പൂക്കര പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലുള്ളവരാണിവർ.
വീടുകൾക്കും നാശം
തലപ്പിള്ളി താലൂക്കിൽ നാല് വീടുകൾക്ക് ഭാഗികമായി നാശനഷ്ടം. പഴയന്നൂർ വടക്കെത്തറ വില്ലേജിൽ മൂന്ന് വീടുകൾക്കും ആറങ്ങോട്ടുകര തിച്ചൂരിൽ ഒരു വീടിനുമാണ് ഭാഗിക നാശമുണ്ടായത്. കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങിൽ രാമൻകുളത്ത് കുട്ടന്റെ ഭാര്യ ശോഭനയുടെ വീടിന് മഴയിൽ കേടുപാടുകളുണ്ടായിട്ടുണ്ട്.
പ്രളയഭീതി ഒഴിഞ്ഞു
ചാലക്കുടി: രണ്ടു ദിവസത്തെ കനത്ത മഴയ്ക്കും മലവെള്ളപ്പാച്ചലിനും പിന്നാലെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഞായറാഴ്ച വൈകിട്ട് 5 ന് രേഖപ്പെടുത്തിയ ജലനിരപ്പ് 4.86 മീറ്ററായിരുന്നു. ശനിയാഴ്ച രാത്രി 11 മണിക്ക് ഇത് 6.13 മീറ്റർ വരെ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ പുഴയിൽ രേഖപ്പെടുത്തിയ ഉയർന്ന ജലനിരപ്പ് 7.30 മീറ്ററായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം മഴയ്ക്ക് ശമനമായതോടെ ചാലക്കുടി മേഖലയിൽ ആശ്വാസമായി. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴയും ഡാമിൽനിന്ന് വലിയ തോതിൽ വെള്ളം തുറന്നുവിട്ടതും മൂലം താഴ്ന്ന പ്രദേശങ്ങൾ പ്രളയഭീഷണിയിലായിരുന്നു.
നഗരസഭയിലും എല്ലാ പഞ്ചായത്തുകളിലും കൺട്രോൾ റൂമുകൾ തുറന്നു. താലൂക്ക് ഓഫീസിൽ മൂന്ന് ദിവസം മുൻപേ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമുണ്ടായില്ലെങ്കിലും അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ആദ്യം വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകി. ആവശ്യമായാൽ വീടുകൾ ഒഴിയാൻ തയ്യാറായിരിക്കണമെന്നും നിർദേശം നൽകി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ശനിയാഴ്ച രാത്രി പരിയാരം സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി അവലോകനം നടത്തുകയും ചെയ്തു.
തടയണ കാണാൻ ജനത്തിരക്ക്...
മലവെള്ളപ്പാച്ചലിനെ തുടർന്ന് നിറഞ്ഞൊഴുകുന്ന പരിയാരം കൊമ്പൻപാറ തടയണ കാണാൻ ഇന്നലെ വൻ ജനത്തിരക്ക്. വേനൽക്കാലത്ത് വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ സി.എസ്.ആർ കടവിലെ തടയണയിലേക്കാണ് നിരവധി പേർ എത്തിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളിൽ പലരും ഇവിടെയും എത്തി. അപകടഭീതി കാരണം ആരും പുഴയോട് ചേർന്ന് പോകാൻ തയ്യാറായില്ല. കൂടപ്പുഴ തടയണ കാണാനും ആളുകളെത്തുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ ദൂരെ നിന്നുമാത്രമാണ് കാഴ്ച ആസ്വദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |