SignIn
Kerala Kaumudi Online
Monday, 03 August 2026 2.08 AM IST

പ്രതീക്ഷയുടെ ഞാറുമായി കർഷകർ, കതിരണിയാൻ കോൾപ്പാടങ്ങൾ

  • ആശങ്ക വിതറി മഴ

തൃശൂർ: മുണ്ടകൻ നെൽകൃഷിയിറക്കാനുള്ള മുന്നൊരുക്കങ്ങളുമായി ജില്ലയിലെ കോൾ കർഷകർ. ഏതാനും ദിവസങ്ങൾക്കകം കോൾപ്പാടങ്ങളിൽ നിന്ന് വെള്ളം വറ്റിക്കുന്ന പമ്പിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായത് കൃഷി സമയബന്ധിതമായി ആരംഭിക്കാനാകുമോയെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കോൾപ്പാടങ്ങളിലെ ജലനിരപ്പ് കുറവാണെന്നതാണ് ആശ്വാസം. മഴയുടെ അളവ് കുറഞ്ഞതും ഏനാമാവ്, ഇടിയഞ്ചിറ, കരുവന്നൂർ എന്നിവിടങ്ങളിലെ തോടുകളിലൂടെ അധികജലം സുഗമമായി കടലിലേക്ക് ഒഴുകിപ്പോകുന്നതുമാണ് ഇതിന് കാരണം. കഴിഞ്ഞ വർഷം വിത്തിറക്കലിനായി ആരംഭിച്ച പമ്പിംഗ് കനത്ത മഴയെ തുടർന്ന് പല പ്രദേശങ്ങളിലും തടസപ്പെട്ടിരുന്നു. എന്നാൽ പരമ്പരാഗത ജലനീക്ക സംവിധാനങ്ങളായ 'പെട്ടിയും പറയും' മാറ്റി ഭൂരിഭാഗം സ്ഥലങ്ങളിലും സബ്‌മേഴ്‌സിബിൾ പമ്പുകൾ സ്ഥാപിച്ചതോടെ വെള്ളം വറ്റിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാണ്. മുമ്പ് 15 ദിവസം വരെ എടുത്തിരുന്ന പമ്പിംഗ് ഇപ്പോൾ മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകുന്നുണ്ട്. വൈദ്യുതി ചെലവും ഗണ്യമായി കുറഞ്ഞു.
കൃത്യമായ കാർഷിക കലണ്ടർ പാലിച്ച് വിത്തിറക്കിയാൽ മാത്രമേ മികച്ച വിളവ് ലഭിക്കൂവെന്നാണ് കർഷകരുടെ വിലയിരുത്തൽ. തുലാവർഷം ആരംഭിക്കുന്നതിന് മുമ്പ് നെൽച്ചെടികൾ ആവശ്യമായ വളർച്ച കൈവരിച്ചാൽ മാത്രമേ കനത്ത മഴ മൂലമുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കാനാകൂ. മനക്കൊടി, അരിമ്പൂർ, വെങ്കിടങ്ങ്, ഏനാമാവ്, ആലപ്പാട്, പുള്ള്, ജൂബിലി തേവർപടവ് തുടങ്ങിയ മേഖലകളിൽ കൃഷിയിറക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

13,000 ഹെക്ടറിൽ കോൾകൃഷി

ജില്ലയിൽ ഏകദേശം 13,000 ഹെക്ടർ കോൾപ്പാടമാണുള്ളത്. വിവിധ പ്രദേശങ്ങളിലെ ജലലഭ്യത അനുസരിച്ച് ഫെബ്രുവരി മുതൽ മേയ് പകുതിവരെ കൊയ്ത്ത് നടത്താവുന്ന രീതിയിലാണ് വിത്തിറക്കുന്നത്. ആഗസ്റ്റ് 15 മുതൽ സെപ്തംബർ 30 വരെ ഒന്നാം സോണിലും സെപ്തംബർ 15 മുതൽ ഒക്ടോബർ 30 വരെ രണ്ടാം സോണിലും വിത്തിറക്കണം. എന്നാൽ ആഗസ്റ്റ് ആദ്യവാരം മുതൽ പ്രവർത്തനം ആരംഭിക്കണമെന്നാണ് പാടശേഖര സമിതികളുടെ ആവശ്യം.

ഉൽപാദനത്തിൽ ഇടിവ്

2018ലെ പ്രളയത്തിന് ശേഷം കോൾകൃഷിയുടെ ഉൽപാദനക്ഷമതയിൽ ഗണ്യമായ ഇടിവുണ്ടായതായി കർഷകർ പറയുന്നു. ഇത് മൂലം കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. സംസ്ഥാനത്തെ നെല്ലിന്റെ ശരാശരി ഉൽപാദന ക്ഷമതയുടെ മൂന്ന് മടങ്ങാണ് കോൾപ്പാടങ്ങളിലെ ഉൽപാദന ക്ഷമത. ഹെക്ടറിന് രണ്ട് ടൺ ഉൽപാദനശേഷി ശരാശരി കണക്കാക്കുമ്പോൾ കോൾപ്പാടങ്ങളിലിത് ആറ് ടണ്ണാണ്. ജില്ലയിൽ ഏതാനും വർഷങ്ങളായി പല കോൾപ്പാടങ്ങളിലും കണക്കാക്കിയിരുന്ന ഉൽപാദന ക്ഷമത ശരാശരി 6.5 ടണ്ണായിരുന്നു. എന്നാൽ ഇന്ന് സംസ്ഥാനത്തെ ശരാശരി ഉൽപാദന ക്ഷമത മൂന്ന് ടണ്ണായി കണക്കാക്കുമ്പോൾ കോൾപ്പാടങ്ങളിലേത് അഞ്ച് ടണ്ണും അതിലും താഴെയുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL